ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

  1. Home
  2. Trending

ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

election


വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (SIR) ഭാഗമായി പ്രവർത്തിച്ച ബിഎൽഒമാരുടെ (BLO) ഇൻസെന്റീവ് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ കൃത്യമായും സൂക്ഷ്മമായും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പ്രതിഫലം കുറച്ചെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുന്നോടിയായുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിൽ പങ്കെടുത്ത ബിഎൽഒമാർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം 'സ്പെഷ്യൽ ഡ്രൈവ്' വിഭാഗത്തിൽ 2,000 രൂപ ഇൻസെന്റീവ് നിശ്ചയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച 2025 ജൂലൈ 24-ലെ (No. 23/BLO/2025-ERS) ഉത്തരവ് നിലവിലുണ്ട്. കൂടാതെ ബിഎൽഒമാർക്ക് വാർഷിക വേതനമായി 12,000 രൂപയും ബിഎൽഒ സൂപ്പർവൈസർമാർക്ക് 18,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇപ്പോൾ കുപ്രചരണങ്ങൾ നടക്കുന്നത്.

സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഈ വേളയിൽ ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. അർഹമായ എല്ലാ ആനുകൂല്യങ്ങളും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.