ക്യാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരം; തിരുത്തേണ്ടവ തിരുത്തണം, മുഖ്യമന്ത്രിക്കെതിരെ എഐഎസ്എഫ്

  1. Home
  2. Trending

ക്യാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരം; തിരുത്തേണ്ടവ തിരുത്തണം, മുഖ്യമന്ത്രിക്കെതിരെ എഐഎസ്എഫ്

AISF
മുഖ്യമന്ത്രിക്കെതിരെ എഐഎസ്എഫ് രംഗത്ത്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്നായിരുന്നു എഐഎസ്എഫിൻ്റെ പ്രതികരണം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ക്യാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരമാണെന്ന് വ്യക്തമാക്കിയ എഐഎസ്എഫ് ഇത് വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു.

നേരത്തെ കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ അക്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുമ്പോൾ മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിച്ചിരുന്നു. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. നിങ്ങൾ നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളിൽ നേരിട്ടുകൊണ്ടാണ് എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു.

എസ്എഫ്ഐയുടെ വളർച്ച പടിപടിയായി ഉണ്ടായത്. പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനത്തെ താറടിച്ചു കാട്ടേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാം. പാടില്ലാത്തത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കേണ്ടത് ഞങ്ങളുടെ പണിയല്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റെന്നു തന്നെ പറയും. തെറ്റുകൾ തിരുത്തിച്ചിട്ടുണ്ട്. അതാണ് ആ പ്രസ്ഥാനത്തിന്റെ പ്രത്യേകത. പഠിക്കുന്ന വിദ്യാർത്ഥികൾ അല്ലേ, പ്രായത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകും. കാമ്പസുകളിലെ വിദ്യാർത്ഥി സംഘർഷം ദൗർഭാഗ്യകരം. മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.