വോട്ട് തേടി മടങ്ങവേ ഓട്ടോയിടിച്ച് പരുക്കേറ്റ സ്വതന്ത്ര സ്ഥാനാർഥി മരിച്ചു; വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി

  1. Home
  2. Trending

വോട്ട് തേടി മടങ്ങവേ ഓട്ടോയിടിച്ച് പരുക്കേറ്റ സ്വതന്ത്ര സ്ഥാനാർഥി മരിച്ചു; വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി

vizhinjam


തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം തെന്നൂർകോണം അഞ്ജു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് (60) ആണ് തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇതേത്തുടർന്ന് വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

ശനിയാഴ്ച രാത്രി ഞാറവിള-കരയടിവിള റോഡിൽ ഭാര്യക്കൊപ്പം വോട്ട് അഭ്യർഥിച്ച് മടങ്ങുമ്പോളാണ് ജസ്റ്റിൻ ഫ്രാൻസിസിന് അപകടം സംഭവിച്ചത്. കയറ്റിറക്കമുള്ള റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഹാൻഡ് ബ്രേക്ക് ഇളകി മുന്നോട്ട് ഉരുണ്ട് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.

വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് ഓട്ടോറിക്ഷയും ഡ്രൈവറെയും വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. ഭാര്യ: റേച്ചൽ ജസ്റ്റിൻ.