ചില കാറുകളുടെ തീരുവ 100 ൽ നിന്ന് 10 ആയി കുറയും; ഇന്ത്യ-യുകെ വ്യാപാര കരാറിലെ വിവരങ്ങൾ പുറത്തുവന്നു

  1. Home
  2. Trending

ചില കാറുകളുടെ തീരുവ 100 ൽ നിന്ന് 10 ആയി കുറയും; ഇന്ത്യ-യുകെ വ്യാപാര കരാറിലെ വിവരങ്ങൾ പുറത്തുവന്നു

 trade deal  


ഇന്ത്യയും യു കെയും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ വ്യാപാര കരാറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യ - യു കെ വ്യാപാര കരാർ യാഥാർഥ്യത്തിലായതോടെ നിരവധി സാധനങ്ങളുടെയും പല കാറുകളുടെയും തീരുവ കുറയും. സ്കോച്ച് വിസ്കിയുടെ തീരുവ 150 ൽ നിന്ന് 75 ആയിട്ടാണ് കുറയുക. അടുത്ത പത്ത് വർഷത്തിൽ ഇത് 40 ശതമാനമായി കുറയുമെന്നും കരാറിൽ പറയുന്നു. ആഡംബര കാറുകളായ ജാഗ്വാർ, ലാൻഡ്റോവർ തുടങ്ങിയ കാറുകളുടെ ചുങ്കം 100 ൽ നിന്ന് 10 ആയി കുറയും. നിശ്ചിത എണ്ണം കാറുകളാവും തീരുവ കൂറച്ച് ഇറക്കുമതി അനുവദിക്കുകയെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യൻ കമ്പനികൾ നിയമിക്കുന്ന ജീവനക്കാർക്ക് സാമൂഹ്യ സുരക്ഷ നിധി വിഹിതം നൽകുന്നതിൽ 3 കൊല്ലം ഇളവും ലഭിക്കും. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യു കെ ഓഫീസ് ഇല്ലെങ്കിലും 2 കൊല്ലം 35 മേഖലകളിൽ തൊഴിൽ ചെയ്യാമെന്നതാണ് കരാറിലെ മറ്റൊരു സവിശേഷത. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് കരാർ പ്രകാരം തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈൽസ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊർജം നൽകുന്നതാണ് വ്യാപാരക്കരാർ. യു കെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. 

ക്ഷീരോത്പന്നങ്ങൾ, ആപ്പിൾ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നൽകില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യു കെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി. പാക്കറ്റിലാക്കിയ ഭക്ഷണത്തിന് എഴുപത് ശതമാനം വരെ തീരുവ ഉണ്ടായിരുന്നതും യു കെ എടുത്തു കളയും. ഇന്ത്യൻ തുണിത്തരങ്ങൾക്ക് 12 ശതമാനവും കെമിക്കലുകൾക്ക് 8 ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാർട്ട് ഫോണുകൾ, എഞ്ചിനീയറിംഗ് ഉത്പനങ്ങൾ, പാവകൾ, സ്പോർട്ട്സ് ഉപകരണങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ളാസ്റ്റിക്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യു കെ സമ്മതിച്ചു. 

ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യു കെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാർ. യു കെയിൽ നിന്നുള്ള ചില കാർഷിക ഉത്പന്നങ്ങൾക്കും വാഹനങ്ങൾക്കും ഇന്ത്യൻ വിപണിയും കരാറിലൂടെ തുറന്നു കിട്ടും. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് യു കെയിൽ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂജ്യമാക്കി. കേരളത്തിനും വ്യാപാര കരാർ ഗുണം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. ഇന്നലെയാണ് ഇന്ത്യ - യു കെ വ്യാപാര കരാർ യാഥാർഥ്യമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു കെ പ്രധാനമന്ത്രി കെയ‍ർ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. ചരിത്രദിനമെന്നാണ് പ്രധാനമന്ത്രി മോദി ഇതിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാറെന്നാണ് ബ്രിട്ടൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.