അബൂദബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്
ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടെ, അബൂദബിയിലെ ശവാമെഖിൽ ഇന്ത്യക്കാരന് പരിക്കേറ്റു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ ദേഹത്ത് പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും ഇദ്ദേഹം സുരക്ഷിതനാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം യുഎഇ കർശനമായി നിരീക്ഷിച്ചു വരികയാണ്.
അതിനിടെ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെ, ഗൾഫ് മേഖല യുദ്ധഭീതിയിലാണ്. തങ്ങളുടെ വൈദ്യുത കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാൽ അയൽരാജ്യങ്ങളെയും ഇരുട്ടിലാക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഖാർഗ് ദ്വീപ് പിടിച്ചെടുത്ത് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്ക നീക്കം നടത്തുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്ന് വെളുപ്പിനും ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഇറാൻ മിസൈൽ വർഷം തുടർന്നു. സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കങ്ങൾ ശക്തമാകുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. യുഎഇയിലെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
