ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തമാൽ സജ്ജമായി

ഫ്രിഗേറ്റ് ഗണത്തിൽപ്പെട്ട ഐഎൻഎസ് തമാൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6 പരമ്പരയിലെ എട്ടാമത്തെ മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലാണ് ഐഎൻഎസ് തമാൽ. റഷ്യയിലെ കലിനിൻഗ്രാഡിൽ നിർമിച്ച കപ്പലിന്റെ കമ്മിഷനിങ് ചടങ്ങുകളും അവിടെയാണു നടന്നത്. തുഷിൽ ക്ലാസിൽ രണ്ടാമത്തെ കപ്പലാണിത്. വെസ്റ്റേൺ നാവിക സേനാ ആസ്ഥാനം മേധാവി വൈസ് അഡ്മിറൽ സഞ്ജയ് ജെ സിങ് മുഖ്യാതിഥിയായിരുന്നു. വിദേശത്തു നിർമിക്കുന്ന അവസാനത്തെ ഇന്ത്യൻ യുദ്ധക്കപ്പലാണിത്. ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന്റെ 26 ശതമാനം തദ്ദേശീയമായി നിർമിച്ചതാണ്. കഴിഞ്ഞ 65 വർഷത്തിനിടെ ഇന്ത്യ-റഷ്യ സംയുക്ത സഹകരണത്തിൽ നിർമ്മിക്കുന്ന 51-ാമത്തെ കപ്പലാണ് തമാൽ. വായു, ഉപരിതലം, അണ്ടർവാട്ടർ, ഇലക്ട്രോമാഗ്‌നറ്റിക് എന്നി നാല് തലങ്ങളിലും നാവിക സേനയ്ക്ക് നേട്ടമാണ് ഈ കപ്പൽ.
യുദ്ധക്കപ്പലിന്റെ നിർമ്മാണം 2022 ഫെബ്രുവരി 24നാണ് ആരംഭിച്ചത്. പിന്നീട് 2024 നവംബറിലാണ് കപ്പൽ ആദ്യ കടൽ പരീക്ഷണങ്ങൾക്ക് വിധേയമായത്. ലംബമായി വിക്ഷേപിച്ച ഭൂതല- വ്യോമ മിസൈൽ Shtil-1, പീരങ്കി ആയുധങ്ങൾ, ടോർപ്പിഡോകൾ എന്നിവ ഉൾപ്പെടെ എല്ലാ റഷ്യൻ ആയുധ സംവിധാനങ്ങളുടെയും പരീക്ഷണം കപ്പലിൽ വിജയകരമായി പൂർത്തിയാക്കി. ഡ്യുവൽ റോൾ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഭൂതല- ആകാശ മിസൈലുകൾ, സ്റ്റാൻഡേർഡ് 30 എംഎം ക്ലോസ് ഇൻ വെപ്പൺ സിസ്റ്റം, 100 എംഎം മെയിൻ ഗൺ, ആന്റി സബ്മറൈൻ വാർഫെയർ (എഎസ്ഡബ്ല്യു) റോക്കറ്റുകൾ, ഹെവിവെയ്റ്റ് ടോർപ്പിഡോകൾ എന്നിവ കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്. ആണവ, ജൈവ, രാസ പ്രതിരോധത്തിനായി സങ്കീർണ്ണമായ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 250 നാവികരും 26 ഓഫീസർമാരും അടങ്ങുന്ന ഒരു സംഘമാണ് ഐഎൻഎസ് തമാലിനെ നിയന്ത്രിക്കുന്നത്. കപ്പൽ ഉടൻ തന്നെ കർണാടകയിലെ കാർവാറിലെ സ്വന്തം തുറമുഖത്തേക്ക് കന്നി യാത്ര ആരംഭിക്കും.