ഇന്ത്യൻ ഹാജിമാർ 18 മുതൽ എത്തിത്തുടങ്ങും; മദീനയിൽ വിപുലമായ ഒരുക്കങ്ങളുമായി ഹജ്ജ് മിഷൻ

  1. Home
  2. Trending

ഇന്ത്യൻ ഹാജിമാർ 18 മുതൽ എത്തിത്തുടങ്ങും; മദീനയിൽ വിപുലമായ ഒരുക്കങ്ങളുമായി ഹജ്ജ് മിഷൻ

hajj


ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഏപ്രിൽ 18-ന് (ദുൽ ഖഅദ് ഒന്ന്) സൗദി അറേബ്യയിലെത്തും. മുംബൈയിൽ നിന്നുള്ള നാനൂറിലധികം തീർത്ഥാടകർ ഉൾപ്പെടുന്ന ആദ്യ വിമാനം മദീനയിലാണ് ഇറങ്ങുക. ഇത്തവണ ആകെ 1,75,025 ഇന്ത്യൻ തീർത്ഥാടകർക്കാണ് ഹജ്ജ് കർമത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഇതിൽ 1.22 ലക്ഷത്തിലധികം പേർ ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തുന്നത്. തീർത്ഥാടകരെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും മക്കയിലും മദീനയിലും പൂർത്തിയായതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.

ഇത്തവണ ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ട്രാക്കിംഗിനും അടിയന്തര സേവനങ്ങൾക്കുമായി പ്രത്യേക സ്മാർട്ട് വാച്ചുകൾ വിതരണം ചെയ്യും. യാത്രകൾ സുഗമമാക്കാൻ പകുതിയോളം ഹാജിമാർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകൾക്ക് ഹൈസ്പീഡ് മെട്രോ സൗകര്യം ലഭ്യമാക്കും. മദീനയിലെത്തുന്ന എല്ലാ ഹാജിമാർക്കും പ്രവാചക പള്ളിക്ക് തൊട്ടടുത്തുള്ള ‘മർക്കസിയ’ ഏരിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മക്കയിൽ ഹറമിലേക്ക് പോകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഷട്ടിൽ ബസ് സർവീസുകളും സജ്ജമാണ്.

350 പേരടങ്ങുന്ന മെഡിക്കൽ - പാരാമെഡിക്കൽ സംഘവും 200 ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരും തീർത്ഥാടകരെ സഹായിക്കാൻ ഇന്ത്യയിൽ നിന്നെത്തും. 150 ഹാജിമാർക്ക് ഒരാൾ എന്ന ക്രമത്തിൽ പരിശീലനം ലഭിച്ച ഹജ്ജ് ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. മഹ്റം (പുരുഷ തുണ) ഇല്ലാതെ എത്തുന്ന വനിതകൾക്കായി പ്രത്യേക വനിതാ ഇൻസ്പെക്ടർമാരുടെ സേവനവും ലഭ്യമാക്കും. ഇത്തവണ താമസസ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ അനുമതിയില്ലെങ്കിലും ഹാജിമാർക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാൻ കാറ്ററിങ് സർവീസുകളുടെ വിവരങ്ങൾ ഹജ്ജ് മിഷൻ നൽകും.

കേരളത്തിൽ നിന്നുള്ളവർ ഏപ്രിൽ 30 മുതൽ

ഇന്ത്യയിലെ 17 എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി അഞ്ച് വിമാന കമ്പനികളാണ് സർവീസ് നടത്തുന്നത്. ഏപ്രിൽ 18-ന് തുടങ്ങുന്ന യാത്രകൾ മെയ് 20-ഓടെ പൂർത്തിയാകും. കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ ഏപ്രിൽ 30 മുതൽ ജിദ്ദ വഴി മക്കയിലെത്തി തുടങ്ങും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിശദീകരിച്ചു.