ട്രെയിൻയാത്ര സുഗമമാക്കാൻ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി റെയിൽവെ

  1. Home
  2. Trending

ട്രെയിൻയാത്ര സുഗമമാക്കാൻ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി റെയിൽവെ

 railone


യാത്രക്കാരുടെ ട്രെയിൻയാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎൻആർ, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിൻ ട്രാക്കിങ്, അൺ റിസർവ്ഡ് ടിക്കറ്റ്, പിഎൻആർ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പിൽ ലഭിക്കുന്ന തരത്തിൽ റെയിൽവൺ ആപ്പ് ആണ് റെയിൽവെ ലോഞ്ച് ചെയ്തത്. സെൻറർ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റംസിൻറെ (CRIS) 40-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. റെയിൽവെയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രക്കാരുടെ ആവശ്യങ്ങൾക്കും ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നതിനാണ് പുതിയ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാർക്ക് ഒറ്റ ക്ലിക്കിൽ ലഭ്യമാകും. റെയിൽ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ട്രെയിൻ യാത്രയിലെ പരാതികളും ഇതിൽ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയിൽവൺ ആപ്പ് ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലെ ലോഗിനിൽ (റെയിൽ കണക്ട്/ UTS) ഈ ആപ്പിൽ ലോഗിൻ ചെയ്യാം. റെയിൽവേ ഇ വാലറ്റ് സംവിധാനവും ലഭ്യമാണ്. നിലവിൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് വിവിധ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്. 

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി UTS, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഐആർസിടിസി റിസർവ്ഡ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്ങുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പി.എൻ.ആർ/ട്രെയിൻ സ്റ്റാറ്റസ് ട്രാക്കിങ്, കോച്ച് പൊസിഷൻ, റെയിൽ മദദ്, ട്രാവൽ ഫീഡ്ബാക്ക് അടക്കമുള്ള സേവനങ്ങൾ ഇതിൽ ലഭ്യമാകും. ചരക്ക് ട്രെയിൻ സർവീസ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട സവിശേഷതകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. "ഇത് എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുക മാത്രമല്ല, സേവനങ്ങൾക്കിടയിൽ സംയോജിത കണക്റ്റിവിറ്റി നൽകുകയും ചെയ്യുന്നു, ഇത് ഉപയോക്താക്കൾക്ക് ഇന്ത്യൻ റെയിൽവെ സേവനങ്ങളുടെ സമഗ്രമായ ഒരു പാക്കേജ് നൽകുന്നു," മന്ത്രാലയം വ്യക്തമാക്കി.