ഇന്ത്യയിൽ ആദ്യത്തെ ഡെങ്കിപ്പനി വാക്സിൻ എത്തുന്നു; 'ക്യു ഡെങ്ക' വിതരണത്തിന് ശുപാർശ
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകളെ പ്രതിരോധിക്കാൻ ആദ്യത്തെ വാക്സിൻ പുറത്തിറങ്ങുന്നു. ജാപ്പനീസ് ബയോഫാർമ കമ്പനിയായ 'റ്റേകഡ' (Takeda) വികസിപ്പിച്ച 'ക്യു ഡെങ്ക' (QDenga) എന്ന വാക്സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും കേന്ദ്ര ഔഷധ നിയന്ത്രണ സമിതിയുടെ (CDSCO) വിദഗ്ധ പാനൽ ശുപാർശ ചെയ്തു. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ വാക്സിൻ രാജ്യത്തെ ആശുപത്രികളിൽ ലഭ്യമായിത്തുടങ്ങും.
ഇന്ത്യയിലെ 480 പേരടക്കം ലോകമെമ്പാടുമുള്ള 28,000 പേരിലാണ് ഈ വാക്സിൻ പരീക്ഷണം നടത്തിയത്. 4 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകേണ്ടത്. ഡെങ്കിപ്പനി ഇതിനകം ബാധിച്ചവരിലും ഇതുവരെ വരാത്തവരിലും ഒരുപോലെ ഫലപ്രദമാണ് ഈ വാക്സിൻ എന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 41 രാജ്യങ്ങളിൽ ഈ വാക്സിൻ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.
വാക്സിൻ വിപണിയിലെത്തിച്ച് ആറുമാസത്തിനകം ഇന്ത്യക്കാരിലെ ഫലപ്രാപ്തി സംബന്ധിച്ച 'പോസ്റ്റ് മാർക്കറ്റിങ്' പഠന റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദഗ്ധ സമിതി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ICMR) ചേർന്ന് പാനേഷ്യ ബയോടെക് വികസിപ്പിക്കുന്ന 'ഡെങ്കി ഓൾ' (DengiAll) എന്ന തദ്ദേശീയ വാക്സിനും പരീക്ഷണ ഘട്ടത്തിലാണ്. ഇത് 2027-ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ ലഭ്യമാകുന്നതോടെ ഡെങ്കിപ്പനി മൂലമുള്ള മരണനിരക്കും ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
