ഇൻഡിഗോ വിമാനപ്രതിസന്ധി കുവൈത്ത് സർവീസുകളെയും ബാധിച്ചു; കൊച്ചി വിമാനങ്ങൾ വൈകി
ഇൻഡിഗോ വിമാനക്കമ്പനി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി കുവൈത്ത് സെക്ടറിലെ സർവീസുകളെയും ബാധിച്ചു. കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈകിയാണ് പറന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കൊച്ചിയിലേക്കുള്ള വിമാനങ്ങൾ വൈകിയത് മലയാളി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ, ഞായറാഴ്ച സർവീസുകൾ വലിയ സമയവ്യത്യാസമില്ലാതെ നടന്നു.
പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ചുള്ള വീഴ്ചകളാണ് ഇൻഡിഗോ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വെള്ളിയാഴ്ച ആയിരത്തിലധികം സർവീസുകൾ മുടങ്ങിയതിനു പിന്നാലെ ശനിയാഴ്ച 800 സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഇത് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളെ ഒരുപോലെ ബാധിച്ചു. മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഏറ്റവുമധികം സർവീസുകൾ മുടങ്ങിയത്.
അതേസമയം, 95 ശതമാനം സർവീസുകൾ പുനഃസ്ഥാപിച്ചതായി ശനിയാഴ്ച ഇൻഡിഗോ അറിയിച്ചിരുന്നു. 135 വിമാനത്താവളങ്ങളിൽ നിന്നായി 1500-ഓളം വിമാനങ്ങൾ പറന്നുതുടങ്ങിയെന്നും ഈ മാസം 15-നകം എല്ലാ സർവീസുകളും സാധാരണ നിലയിലാകുമെന്നും കമ്പനി വ്യക്തമാക്കി. ഇൻഡിഗോയുടെ യാത്രാ തടസ്സങ്ങൾ കാരണം മറ്റ് വിമാനക്കമ്പനികളിലെ ടിക്കറ്റ് നിരക്ക് മൂന്നും നാലും മടങ്ങായി വർധിച്ചതാണ് കുവൈത്തിലെ യാത്രക്കാരെ കൂടുതൽ പ്രയാസത്തിലാക്കിയത്. അത്യാവശ്യമായി നാട്ടിൽ പോകേണ്ട പലരും ഇരട്ടി തുക നൽകിയാണ് യാത്ര തിരിച്ചത്.
