ഇന്ദിരാഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റി
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേര് ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ ഇനി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഉണ്ടാവില്ല. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്നാണ് പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെ പേര് ഒഴിവാക്കിയത്. സംവിധായകന്‍ പ്രിശദര്‍ശന്‍ ഉള്‍പ്പെടുന്ന സമിതിയുടേതാണ് തീരുമാനം.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കലോചിതമായി പരിഷ്‌കരിക്കുന്നതിന് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി നീരജ ഷേഖറിന്റെ അധ്യക്ഷതയില്‍ സംവിധായകന്‍ പ്രിദര്‍ശന്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ രൂപീകരിച്ചിരുന്നു.
സമിതിയുടെ ശുപാര്‍ശകള്‍ ഇപ്പോള്‍ വാര്‍ത്താ വിതരണ മന്ത്രാലയം അംഗീകരിച്ചു. 70ാം ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് ഈ മാറ്റങ്ങള്‍ വ്യക്തമാക്കിയത്. സമ്മാനത്തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര തുക പത്ത് ലക്ഷത്തില്‍ നിന്നും പതിനഞ്ച് ലക്ഷമാക്കി ഉയര്‍ത്തി.