മേജർ ലീഗ് സോക്കറിൽ മെസിക്കും ജോർഡി ആൽബക്കുമെതിരെ നടപടി
ഇൻറർ മയാമി താരം ലിയോണൽ മെസിക്കെതിരെ നടപടിക്കൊരുങ്ങി മേജർ ലീഗ് സോക്കർ. ഓൾ സ്റ്റാർ ടീമിൽ നിന്ന് അവസാന നിമിഷം പിൻമാറിയ മെസിയെയും സഹതാരം ജോർഡി ആൽബയേയും ഒരുമത്സരത്തിൽ നിന്ന് വിലക്കാനാണ് നീക്കം. കൃത്യമായ കാരണമില്ലാതെ അവസാന നിമിഷം പിൻമാറിയ മെസിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും എത്രവലിയ താരമാണെങ്കിലും ലീഗിലെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ ആണെന്നും എം എൽ എസ് കമ്മീഷണർ ഡോൺ ഗാർബർ പറഞ്ഞു. മെസി മഹാനായ താരമാണെന്നും അദ്ദേഹത്തിനൊപ്പം കളിക്കുന്നതും പരിശീലിപ്പിക്കാൻ അവസരം ലഭിക്കുന്നതും വലിയ നേട്ടമാണെന്നും പറഞ്ഞ ഓൾ സ്റ്റാർ ഇലവൻ പരിശീലകൻ നിക്കോ എസ്റ്റേവെസ് എന്നാൽ മത്സരത്തിൽ കളിക്കാനിറങ്ങാത്ത മെസിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ മറ്റ് താരങ്ങളെയും ബഹുമാനിക്കേണ്ടിയിരുന്നുവെന്നും നിക്കോ കൂട്ടിച്ചേർത്തു.
വിലക്ക് വരികയാണെങ്കിൽ മെസിക്കും ആൽബയ്ക്കും മേജർ ലീഗ് സോക്കറിൽ സിൻസിനാറ്റിക്കെതിരായ അടുത്ത മത്സരം നഷ്ടമാവും. ബുധനാഴ്ച നടന്ന മേജർ ലീഗ് സോക്കറിലെ ഓൾ സ്റ്റാർ ഇലവനും മെക്സിക്കോയിലെ ലിഗ എംഎക്സും തമ്മിലുള്ള മത്സരത്തിൽ ഓൾ സ്റ്റാർ ഇലവൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു. സാം സറിഡ്ജും തായ് ബാരിബോയും ബ്രയാൻ വൈറ്റുമാണ് എംഎൽഎസ് ഓൾ സ്റ്റാർ ഇലവനായി സ്കോർ ചെയ്തത്. ലിഗ എം എക്സിൻറെ സൂപ്പർ താരമായ മെക്സിക്കോ താരം ജെയിംസ് റോഡ്രിഗസും മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. കഴിഞ്ഞ വർഷം പരിക്കുമൂലെ മെസിക്ക് ഓൾ സ്റ്റാർ ഇലവനുവേണ്ടി കളിക്കാൻ ഇറങ്ങാനായിരുന്നില്ല. മേജർ ലീഗ് സോക്കറിൽ 18 ഗോളുകളുമായി ഗോൾ വേട്ടയിൽ നാഷ്‌വില്ലെ താരം സാം സറിഡ്ജിനൊപ്പം ഒന്നാം സ്ഥാനത്താണിപ്പോൾ മെസി.
