ലഹരിമരുന്നുമായി മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര സംഘം ബംഗളൂരുവിൽ പിടിയിൽ

  1. Home
  2. Trending

ലഹരിമരുന്നുമായി മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര സംഘം ബംഗളൂരുവിൽ പിടിയിൽ

arrested


മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ആറുപേർ അറസ്റ്റിൽ. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈൽ (31), കെഎസ്. സുജിൻ (32), ബംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.ഇവരിൽ നിന്ന് ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈൻ (മെത്ത്) പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഇവർ വെളിപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവർത്തിക്കുന്ന നൈജീരിയൻ പൗരനാണ് തങ്ങളുടെ ഉറവിടമെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നായി പ്രതികൾ പിടിയിലായത്. മലയാളികളിൽ സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു . ദുബായിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു. ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വിൽപ്പന നടത്തിയസംഘം കേരളത്തിലും ലഹരി എത്തിച്ചിരുന്നു. സുഹൈലിന്റെ പേരിൽ കേരളത്തിലും ലഹരിക്കടത്ത് കേസുണ്ട്.

വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്നതായും സുഹൈലിന് മെത്തുകൾ വിതരണം ചെയ്യുന്നതായും കേസിൽ പിടിയിലായ പ്രതി ഡെക്കോ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാർക്കെതിരായ നടപടിയെത്തുടർന്ന് ഇയാൾ അടുത്തിടെ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണി നൈജീരിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യയിൽ താമസിക്കുന്ന ആഫ്രിക്കൻ പൗരന്മാർ വഴിയാണ് ചരക്കുകൾ എത്തിച്ചിരുന്നതെന്നും ഡെക്കോ വെളിപ്പെടുത്തി.