അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി വേണം; അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസി ഫ്ലക്സ്

  1. Home
  2. Trending

അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി വേണം; അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസി ഫ്ലക്സ്

nituc


ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച പിവി അൻവർ എംഎൽഎയെ അനുകൂലിച്ചു നിലമ്പൂരിൽ ഐഎൻടിയുസിയുടെ ഫ്ലക്സ് ബോർഡ്. മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് ഐഎൻടിയുസിയുടെ ഫ്ലക്സിലുള്ളത്.

അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടതെന്നും എഡിജിപി -ആർഎസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണമെന്നും ബോർഡിലുണ്ട്. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്. ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. 

അതേസമയം, എൽഡിഎഫ് വിട്ട പിവി അൻവറിന് രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ തീരുമാനമെടുക്കാനാണ് യുഡിഎഫ് തീരുമാനം. അൻവറിനെ ഉടൻ സ്വീകരിക്കുന്നതിന് പകരം തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം. അതേസമയം, അൻവറിൻ്റെ ആരോപണങ്ങൾ ആയുധമാക്കി മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം ശക്തമാക്കും.

അൻവർ തുറന്നിട്ടത് സുവർണ്ണാവസരമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പക്ഷേ മുഖ്യശത്രു മുഖ്യമന്ത്രിക്കെതിരെ ബോംബിട്ടത് അൻവറായതിനാൽ ആവേശം വിട്ട് കരുതലോടെയുള്ള നീക്കങ്ങളിലാണ് യുഡിഎഫ്. എൽഡിഫുമായുള്ള ബന്ധം വിട്ടാണ് അൻവർ അന്തിമ പോരാട്ടത്തിലേക്ക് എടുത്തു ചാടിയത്. എംഎൽഎ സ്ഥാനം രാജിവെക്കുന്നുമില്ല.

നിയമസഭാസമ്മേളനം നാലിന് തുടങ്ങാനിരിക്കെ യുഡിഎഫിന് അടിച്ചത് ബമ്പർ ലോട്ടറിയാണ്. കാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളാണ് പതിന്മടങ്ങ് ശക്തിയിൽ അൻവർ ഉയർത്തുന്നത്. രാഷ്ട്രീയസാഹചര്യം അനുകൂലമെന്ന് വിലയിരുത്തുമ്പോഴും അൻവറിന് അഭയം നൽകുന്നതിലാണ് യുഡിഎഫിൽ പല നിലപാടുകൾ.

രാഹു ഗാന്ധിക്കെതിരായ ഡിഎൻഎ പരിശോധന പരാമ‍ർശം അൻവർ മയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപി പണം പറ്റി എന്നടതക്കമുള്ള അൻവറിൻ്റെ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനുമപ്പുറം സ്വർണ്ണക്കടത്തിലെ കാരിയേഴ്സിനെ ഇറക്കിക്കളിക്കുന്ന അൻവറിനെ പൂട്ടാനാണ് സർക്കാർ നീക്കം.

അൻവറിനെതിരായ കേസുകളുടെ ബാധ്യത കൂടി ഏറ്റെടുക്കണോ എന്ന പ്രശ്നവും യുഡിഎഫിന് മുന്നിലുണ്ട്. ഞായറാഴ്ച അൻവർ പ്രഖ്യാപിക്കുന്ന രാഷ്ട്രീയനിലപാട് പരിശോധിച്ചാകും തുടർതീരുമാനം. മുഖ്യമന്ത്രിയുടെ രാജിയ്ക്കായി നാളെ പ്രാദേശിക തലങ്ങളിൽ പ്രതിഷേധിക്കും. എട്ടിന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും സമരമുണ്ടാകും.