ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; വിലക്ക് ലംഘിച്ചാല്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. വിലക്ക് ലംഘിച്ച് പ്രവേശിക്കുന്ന ഏത് കപ്പലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാര്‍ഡ് (IRGC) കമാന്‍ഡറുടെ ഉപദേശകന്‍ കടുത്ത മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ യുഎസ് സഖ്യരാജ്യത്തിന്റെ 'അതെന നോവ' എന്ന എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ പ്രമുഖ ഷിപ്പിങ് കമ്പനികളെല്ലാം ഈ പാതയിലൂടെയുള്ള യാത്ര നിര്‍ത്തിവെച്ചു. നിരവധി കപ്പലുകള്‍ കടലിടുക്കിന് പുറത്ത് കാത്തിരിക്കുകയാണെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നത്. ആഗോള വിപണിയിലേക്കുള്ള 20 ശതമാനം എല്‍എന്‍ജി വിതരണവും പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും കടന്നുപോകുന്ന ഈ പാത സ്തംഭിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കുനീക്കത്തെയും ആഗോള ഇന്ധന വിപണിയെയും തകിടം മറിക്കും.
ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാത അടയുന്നത് ആഗോള എണ്ണവില കുത്തനെ ഉയരാന്‍ കാരണമാകും. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടതിന് പിന്നാലെ അസംസ്‌കൃത എണ്ണവില പത്തുശതമാനം വര്‍ധിച്ചിരുന്നു. യുദ്ധം തുടര്‍ന്നാല്‍ വില ബാരലിന് 110 ഡോളര്‍ വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും.
