'ഇറാൻ ഒടുവിൽ സ്വതന്ത്രമാകും, ആ നിമിഷം നിങ്ങൾ കരുതുന്നതിലും വേഗത്തിലായിരിക്കും'; ഇറാനിലെ ജനങ്ങൾക്ക് അസാധാരണ സന്ദേശം നൽകി ഇസ്രയേൽ

  1. Home
  2. Trending

'ഇറാൻ ഒടുവിൽ സ്വതന്ത്രമാകും, ആ നിമിഷം നിങ്ങൾ കരുതുന്നതിലും വേഗത്തിലായിരിക്കും'; ഇറാനിലെ ജനങ്ങൾക്ക് അസാധാരണ സന്ദേശം നൽകി ഇസ്രയേൽ

nethanyahu



പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങൾക്കിടയിൽ ഇറാനിലെ ജനങ്ങൾക്ക് അസാധാരണ സന്ദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.  ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് ഇസ്രയേൽ. ഇറാൻ ഒടുവിൽ സ്വതന്ത്രമാകുമെന്നും ആ നിമിഷം നിങ്ങൾ കരുതുന്നതിലും വേഗത്തിലായിരിക്കുമെന്നും ഇറാൻ ജനതയോട് നെതന്യാഹു പറഞ്ഞു. ഇസ്രയേലും ഇറാനും തമ്മിൽ സമാധാനത്തിന്‍റെ ഒരു പുതിയ യുഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ ക്ഷേമത്തേക്കാൾ സംഘർഷങ്ങൾക്കാണ് ഇറാന്‍റെ നേതൃത്വം മുൻഗണന നൽകുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇറാനിലെ ഭൂരിപക്ഷത്തിനും ഭരണകൂടത്തിന് തങ്ങളുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലെന്ന് അറിയാം. വ്യർത്ഥമായ യുദ്ധങ്ങൾക്കായി അവർ പണം ചെലവഴിക്കുകയാണ്. ആയുധങ്ങൾക്കും മറ്റുമായി ചെലവഴിക്കുന്ന തുക ഭരണകൂടം നിങ്ങളുടെ ക്ഷേമങ്ങൾക്കായി ചെലവഴിച്ചിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക. എന്നാൽ ലെബനനെ പ്രതിരോധിക്കുക, ഗാസയെ പ്രതിരോധിക്കുക എന്നെല്ലാമാണ് ഭരണകൂടം ദിവസവും പറയുന്നത്. ഇങ്ങനെയൊരു ഭരണകൂടം ജനങ്ങളെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. 

പശ്ചിമേഷ്യയിൽ ഇസ്രായേൽ സേനയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത ഒരു സ്ഥലവുമില്ലെന്ന് നെതന്യാഹു ആവർത്തിച്ചു. ഇസ്രയേൽ നീക്കത്തിൽ ഇറാന്‍റെ കളിപ്പാവകൾ ഇല്ലാതാവുകയാണ്. ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ ഭരണകൂടത്തിന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ലെബനന്‍റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ തലവൻ ഹസൻ നസ്‌റല്ലയെ ഇസ്രയേൽ സേന വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്‍റെ സന്ദേശം