'ഇറാൻ വലിയ വില നൽകേണ്ടി വരും'; വെടിനിർത്തൽ തള്ളിയതിൽ പ്രകോപിതനായി ട്രംപ്; അന്ത്യശാസനം നാളെ വരെ

  1. Home
  2. Trending

'ഇറാൻ വലിയ വില നൽകേണ്ടി വരും'; വെടിനിർത്തൽ തള്ളിയതിൽ പ്രകോപിതനായി ട്രംപ്; അന്ത്യശാസനം നാളെ വരെ

trump


അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി നിരസിച്ചതിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയ്ക്കുള്ളിൽ കരാറിൽ എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും രാജ്യം 'നരകതുല്യമാകുമെന്നും' ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്.

താത്കാലിക വെടിനിർത്തലിന് പകരം ഉപരോധങ്ങൾ നീക്കുന്നതും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉറപ്പുനൽകുന്നതുമായ 10 നിബന്ധനകളടങ്ങിയ ശാശ്വത പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഇറാന്റെ നിലപാടിൽ താൻ അതീവ അസ്വസ്ഥനാണെന്ന് ട്രംപ് വ്യക്തമാക്കി. "അവർ ചെയ്യേണ്ടത് ചെയ്താൽ ഇത് വേഗത്തിൽ അവസാനിക്കും. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അവർക്ക് കൃത്യമായി അറിയാം," ട്രംപ് പറഞ്ഞു. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനികമായോ സാമ്പത്തികമായോ ഉള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അസഭ്യവാക്കുകൾ ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും ട്രംപ് മറുപടി നൽകി. തന്റെ നിലപാടുകൾ കൃത്യമായി ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അത്തരം ഭാഷ ഉപയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, ഇറാനിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് യുഎസ് വൈമാനികർ സുഖം പ്രാപിച്ചുവരുന്നതായും ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളിൽ മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇറാൻ തങ്ങളുടെ മറുപടി കൈമാറിയത്.