സൗദിയിലും ഒമാനിലും ഇറാന്റെ ആക്രമണം; യുഎസ് സൈനികർക്കും സലാലയിൽ ഒരാൾക്കും പരിക്ക്
ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. ഒമാനിലെ സലാല തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സലാല തുറമുഖം താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. സംഭവത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ ഇറാൻ തിരിച്ചടി ആരംഭിച്ചത്. യുഎഇയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത ജാഗ്രതയിലാണ്.
