വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കുന്നത് ക്രൂരത; വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി

  1. Home
  2. Trending

വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കുന്നത് ക്രൂരത; വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി

veena george


യുവ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്നും ദുരന്തമുഖത്തുപോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ടമനസ്സാണ് വെളിവാകുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താൻ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞത്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമിതല്ലെങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നതു കൊണ്ടാണ് പറയുന്നത്. ബാക്കി പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു. 

'പോലീസ് എയ്ഡ് പോസ്റ്റ് ഒക്കെയുള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സി.എം.ഒ. ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്സ്പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്', എന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.