നമ്മുടെ പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്തുക നമ്മുടെ കടമ; മുഖ്യമന്ത്രി

  1. Home
  2. Trending

നമ്മുടെ പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്തുക നമ്മുടെ കടമ; മുഖ്യമന്ത്രി

CMനമ്മുടെ പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ കേരള ജനത ഒറ്റക്കെട്ടായി മുന്നേറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി . നമ്മുടെ ചുറ്റുപാടുകളെ കുത്തക മൂലധനത്തിന്റെ ആർത്തി പൂണ്ട കയ്യേറ്റങ്ങളിൽ നിന്ന് പ്രതിരോധിച്ച് കൂടുതൽ സന്തുലിതമായ ആവാസവ്യവസ്ഥ നിലനിർത്താനാവണം. ഈ ലോക പരിസ്ഥിതി ദിനം അതിനുള്ള ഊർജം പകരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ലോക പരിസ്ഥിതി ദിനമാണിന്ന്. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. നിയോലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നത്.

നയരൂപീകരണത്തിലും നിർവഹണത്തിലും വിപുലമായ ആസൂത്രണവും ഇടപെടലുകളും നടത്തിക്കൊണ്ടു മാത്രമേ ഭൂമിയുടെ തരിശുവൽക്കരണം തടയാൻ സാധിക്കുകയുള്ളൂ. പൊതുജന പങ്കാളിത്തത്തിലൂന്നിയ നടപടികളാണ് ഇതിനാവശ്യം. കേരളത്തിൽ എൽഡിഎഫ് സർക്കാർ ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്. ഹരിതകേരളം മിഷന്റെ കീഴിൽ നദികളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും മഴവെള്ളം സംഭരിക്കാനും മാലിന്യങ്ങൾ സംഭരിക്കാനും നടത്തുന്ന ഇടപെടലുകൾ ഈ നിലയിൽ ശ്രദ്ധേയമാണ്.

ഈ പരിശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ നമ്മുടെ പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. ഇതിനായി കേരള ജനത ഒറ്റക്കെട്ടായി മുന്നേറേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടുകളെ കുത്തക മൂലധനത്തിന്റെ ആർത്തി പൂണ്ട കയ്യേറ്റങ്ങളിൽ നിന്ന് പ്രതിരോധിച്ച് കൂടുതൽ സന്തുലിതമായ ആവാസവ്യവസ്ഥ നിലനിർത്താനാവണം. ഈ ലോക പരിസ്ഥിതി ദിനം അതിനുള്ള ഊർജം പകരും.