പരാതിക്കാരിയെ പീഡിപ്പിച്ചെന്നതിൽ അസ്വാഭാവികത'; ഉദ്യോഗസ്ഥരെ പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
മലപ്പുറത്ത് പരാതിക്കാരിയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന ആരോപണത്തിൽ അസ്വാഭാവികതയെന്ന് പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിറക്കി. ഇത്തരം വാർത്തകൾ നൽകും മുൻപ് പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകണം. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിന് എല്ലാ പിന്തുണയും തങ്ങൾ നൽകുമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം പൊലീസുകാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. സിഐ വിനോദ്, മലപ്പുറം എസ്പിയായിരുന്ന സുജിത്ത് ദാസ് എന്നിവർ പീഡിപ്പിച്ചുവെന്നും ഡിവൈഎസ്പി ബെന്നി മോശമായി പെരുമാറിയെന്നുമാണ് വീട്ടമ്മ ആരോപിച്ചിരിക്കുന്നത്. പിവി അൻവർ എംഎൽഎയെ കണ്ട ശേഷമാണ് പരാതി പരസ്യമായി ഉന്നയിച്ചതെന്നും വീട്ടമ്മ പറഞ്ഞു. സംഭവത്തിൽ സിഐക്കെതിരൊയ ആരോപണം നേരത്തെ വകുപ്പ് തലത്തിൽ പരിശോധിച്ചു എന്നാണ് പൊലീസ് വാദം. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ പക പോക്കലാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് ഡിവൈഎസ്പി ബെന്നി ആരോപിക്കുന്നത്.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ ഫെയ്സ്ബുക് പേജിൽ സംഘടനാ ജനറൽ സെക്രട്ടറി സിആർ ബിജുവിൻ്റെ പേരിലാണ് ഈ വിഷയത്തിലെ നിലപാട് അറിയിച്ചിരിക്കുന്നത്.