ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി, തിരുത്തി മുന്നോട്ട് പോകും; എം.വി. ഗോവിന്ദൻ

  1. Home
  2. Trending

ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി, തിരുത്തി മുന്നോട്ട് പോകും; എം.വി. ഗോവിന്ദൻ

MV Govindan


തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആവശ്യമായ പരിശോധനകൾ നടത്തി, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും, എൽ.ഡി.എഫിന്റെ അടിത്തറ തകർന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയപരമായ വിധി നിർണയിക്കുന്ന 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം എൽ.ഡി.എഫിനാണ് ലഭിച്ചതെന്നും, 2010-ലെ തെരഞ്ഞെടുപ്പിൽ ആറ് ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാക്കി കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിനും തിരിച്ച് യു.ഡി.എഫ്. വോട്ടുകൾ ബി.ജെ.പിക്കും ലഭിച്ച നിരവധിയിടങ്ങളുണ്ട്. പരവൂർ നഗരസഭയിൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം സേതുമാധവന് പകരം ബി.ജെ.പി. സ്ഥാനാർത്ഥി ജയിച്ചു. അവിടെ സി.പി.എം. ജയിക്കാൻ സാധ്യതയുള്ളപ്പോൾ യു.ഡി.എഫിന് 20 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് വോട്ട് കൈമാറ്റം ചെയ്യപ്പെട്ടു എന്നതിൻ്റെ പ്രധാന ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കുപോക്കുകൾ യഥാർത്ഥത്തിൽ ബി.ജെ.പിയെയും സഹായിച്ചു.

ബി.ജെ.പി.ക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ ജയിക്കാനായത് ഒഴികെ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന മേഖല ഉൾപ്പെടുന്ന പന്തളം മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ്. വിജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും എൽ.ഡി.എഫിന് സീറ്റ് വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്തു. കൂടാതെ പന്തളത്തിൻ്റെ അടുത്തുള്ള മൂന്ന് പഞ്ചായത്തുകൾ ബി.ജെ.പിയിൽനിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ ഗുണമായില്ല എന്ന് പരിശോധിക്കുമെന്നും, സംഘടനാപരമായ പോരായ്മകൾ ഉണ്ടായോ എന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും, അങ്ങനെയായിരുന്നെങ്കിൽ ഏഴ് ജില്ലാ പഞ്ചായത്തുകൾ ജയിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ക്ഷേമ പദ്ധതികൾ അവസാനം പ്രഖ്യാപിച്ചത്. ശബരിമല സ്വർണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങൾ സ്വാധീനം ചെലുത്തിയോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.