ഇന്ത്യയിൽ തന്നെയാണ്... പക്ഷേ ഈ റെയിൽവേ സ്റ്റേഷനിൽ കയറാൻ പാസ്‌പോർട്ടും വിസയും വേണമായിരുന്നു!
ഇന്ത്യയിലെ ഒരു റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ പാസ്‌പോർട്ടും വിസയും വേണമായിരുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പഞ്ചാബിലെ അട്ടാരി റെയിൽവേ സ്റ്റേഷനായിരുന്നു ആ അപൂർവ ഇടം.പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഈ സ്റ്റേഷനിൽ പ്രവേശിക്കാൻ പോലും ഒരുകാലത്ത് ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ടും സാധുവായ പാകിസ്ഥാൻ വിസയും ആവശ്യമായിരുന്നു.
അട്ടാരി ഷാം സിംഗ് റെയിൽവേ സ്റ്റേഷൻ' എന്നുകൂടി അറിയപ്പെടുന്ന ഈ കേന്ദ്രം, പാകിസ്ഥാൻ അതിർത്തിക്ക് തൊട്ടുമുമ്പുള്ള ഇന്ത്യയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനാണ്. അക്കാലത്ത് പാകിസ്ഥാൻ വിസയില്ലാതെ ഇവിടെ പ്രവേശിക്കുന്നവർക്ക് അറസ്റ്റും കർശനമായ ജയിൽവാസവും ഉൾപ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര, സാംസ്‌കാരിക ബന്ധങ്ങളിൽ അട്ടാരി റെയിൽവേ സ്റ്റേഷന് ചരിത്രപരമായി വലിയ പ്രാധാന്യമാണുള്ളത്. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രശസ്തമായ 'സംഝോത എക്‌സ്പ്രസി'ന്റെ പുറപ്പെടൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഈ സ്റ്റേഷനാണ്. ഡൽഹിയെ ലാഹോറുമായി ബന്ധിപ്പിച്ച ഈ ട്രെയിൻ സർവീസ് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സാംസ്‌കാരികമായും വൈകാരികമായും ഏറെ വലുതായിരുന്നു.
1947-ലെ വിഭജനത്തിൽ വേർപിരിഞ്ഞുപോയ കുടുംബാംഗങ്ങളെ കാണാനും, അതിർത്തി കടന്നുള്ള തീർത്ഥാടനങ്ങൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കും ഈ സർവീസ് വലിയൊരു ആശ്വാസമായിരുന്നു.എന്നാൽ, 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ വിള്ളലുകൾ സംഝോത എക്‌സ്പ്രസിനും തിരിച്ചടിയായി.
സർവീസ് താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടതായി വന്നു
എങ്കിലും, അതിർത്തിക്കപ്പുറത്തെ യാത്രകളുടെ ഓർമകളും വിഭജനത്തിന്റെ ചരിത്രവും പേറുന്ന അട്ടാരി റെയിൽവേ സ്റ്റേഷൻ ഇന്നും ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഇടമായി തുടരുന്നു.
