പുതിയ പ്രഖ്യാപനമല്ല, എന്തെല്ലാം പറയാന്‍ പാടില്ലെന്ന് അറിയാം': വിവാദത്തില്‍ മുഹമ്മദ് റിയാസ്

  1. Home
  2. Trending

പുതിയ പ്രഖ്യാപനമല്ല, എന്തെല്ലാം പറയാന്‍ പാടില്ലെന്ന് അറിയാം': വിവാദത്തില്‍ മുഹമ്മദ് റിയാസ്

muhammed riyas


 പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറാമാനെ മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രസംഗത്തിനിടെ പരാമര്‍ശിച്ചത് പുതിയ പ്രഖ്യാപനമല്ലെന്ന് റിയാസ് പറഞ്ഞു. വികസന നേട്ടങ്ങള്‍ മാത്രമാണ് പ്രസംഗിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

'കോഴിക്കോടിന് രാജ്യാന്തര സ്‌റ്റേഡിയം നേരത്തെ പ്രഖ്യാപിച്ചതാണ്. ക്യാമറാമാനെ പിടിച്ചുമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. എന്തെല്ലാം പറയാന്‍ പാടില്ലെന്ന് അറിയാം', റിയാസ് പറഞ്ഞു.

വേദിയില്‍ മുഹമ്മദ് റിയാസ് സംസാരിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ ക്യാമറ മാറ്റിയതിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കമീമിനെതിരെയാണ് പരാതി ഉയര്‍ന്നത്. ക്യാമറാമാനെ സ്ഥാനാര്‍ത്ഥി അകത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അതോടെ ചിത്രീകരണം തടസപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നെന്നും പരാതിയിലുണ്ട്. മന്ത്രിയുടെ പ്രസംഗത്തില്‍ ചട്ടലംഘനം നടന്നു. അത് ചിത്രീകരിച്ചതിനാലാണ് സ്ഥാനാര്‍ത്ഥി നേരിട്ട് ഇടപെട്ടതെന്ന് എംകെ രാഘവന്‍ ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥി ക്യാമറാമാനെ മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കോഴിക്കോട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുസര്‍ക്കാര്‍ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ് എന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് ക്യാമറാമാനെ അകത്തേക്ക് കൊണ്ടുപോയത്. 5.53ന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രാഫറെ 6.24ന് ആണ് പുറത്തേക്ക് വിട്ടത്. സ്പോര്‍ട്സ് ഫ്രറ്റേണിറ്റിയെന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.