രാജി വെക്കല്‍ ഒളിച്ചോട്ടമെന്ന നിലപാടെടുത്ത് ജഗദീഷ്; രാജി വാദപ്രതിവാദങ്ങള്‍ക്ക് ശേഷം

  1. Home
  2. Trending

രാജി വെക്കല്‍ ഒളിച്ചോട്ടമെന്ന നിലപാടെടുത്ത് ജഗദീഷ്; രാജി വാദപ്രതിവാദങ്ങള്‍ക്ക് ശേഷം

jagatheesh


 


താരസംഘടനയായ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളുമടക്കം രാജിവെക്കാനുള്ള തീരുമാനം എറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം. രാജിക്ക് മുമ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ താരങ്ങള്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങള്‍ നടന്നു. രാജിവെക്കല്‍ ഒളിച്ചോട്ടമാകുമെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.

നട്ടെല്ല് നിവര്‍ത്തി പ്രതിരോധിക്കുകയാണ് വേണ്ടതെന്നും ചര്‍ച്ചയില്‍ ജഗദീഷ് അഭിപ്രായപ്പെട്ടു. ജഗദീഷിനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തി. യുവ വനിതാ താരങ്ങളടക്കമാണ് ജഗദീഷിനെ പിന്തുണച്ച് രംഗത്തെത്തിയത്.

സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനം കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം ജഗദീഷിനെ വിമര്‍ശിച്ച് ചില മുതിര്‍ന്ന താരങ്ങളും രംഗത്തെത്തി. കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത് ആരെന്ന് ഓരോരുത്തരും ചിന്തിച്ചാല്‍ മതിയെന്നായിരുന്നു വിമര്‍ശനം. സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം.