'പൊതുയോഗത്തിലെ ആൾക്കൂട്ടത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും, കൂടെ ലീഗും കോൺഗ്രസും'; അൻവറിനെതിരെ ഗോവിന്ദൻ

  1. Home
  2. Trending

'പൊതുയോഗത്തിലെ ആൾക്കൂട്ടത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും, കൂടെ ലീഗും കോൺഗ്രസും'; അൻവറിനെതിരെ ഗോവിന്ദൻ

mv govindan


പി.വി അൻവറിന്റെ മലപ്പുറത്തെ പൊതുയോഗത്തിലെ ആൾക്കൂട്ടത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒപ്പം മുസ്ലിം ലീഗും കോൺഗ്രസുമുണ്ട്. ആകെ പത്തോ മുപ്പതോ പേരാണ് പാർട്ടി. അതിലെ രണ്ട് പ്രബല വിഭാഗങ്ങളാണ് എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും. ഇവരുടെ പിന്തുണയാണ് അൻവറിന് കിട്ടുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കോഴിക്കോട് പരിപാടിയിലും കൂടുതൽ പാർട്ടി പ്രവർത്തകർ ഇല്ല. ആരൊക്കെ കൊമ്പുകുലുക്കി വന്നപ്പോഴും നേരിട്ടത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരാണ്. ഈ പ്രസ്ഥാനത്തിന്റെ തണലിൽ വളർന്ന ജനതയാണ് ഒപ്പമുണ്ടായിരുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ആ പ്രതിരോധം തുടരണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

സിപിഎമ്മിനും സർക്കാരിനും എതിരെ വലിയ കടന്നാക്രമണം നടക്കുന്നു. അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയായി മാറി. ശരിയായ രീതിയിലുള്ള ആക്ഷേപങ്ങൾ പരിശോധിക്കാൻ സർക്കാർ സംഘത്തെ നിയോഗിച്ചു. എഡിജിപിക്ക് എതിരെ ഉൾപ്പെടെയുളള ആക്ഷേപങ്ങൾ പരിശോധിക്കുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.  

അതേസമയം എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണത്തിനെതിരെ പ്രതികരിച്ച് പിവി അൻവർ എംഎൽഎ. ഈ സംഘടനകൾക്ക് ഇത്ര മാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോയെന്ന് അൻവർ ചോദിച്ചു. പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. തനിക്കെതിരെ രംഗത്തെത്തിയ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരിൽ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയിൽ നേരത്തെ കാണാൻ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെ ക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.