കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്; സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനം
അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്. അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് അഞ്ചിനാണ് ഖബറടക്കം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സി.പി.എം നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ സി.എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ രാവിലെ എട്ട് മുതൽ പത്ത് വരെ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം 11 മുതൽ ഒരു മണി വരെ കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ചക്കുശേഷം തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും. തുടർന്ന് തലക്കുളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
പകൽ രണ്ടിനുശേഷം വൈകീട്ട് അഞ്ചുവരെ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. കാൻസർ രോഗത്തെ തുടർന്ന് ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് കാനത്തിൽ ജമീല അന്തരിച്ചത്. വിദേശത്തുള്ള മകൻ എത്തേണ്ടതിനാലാണ് സംസ്കാരം ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. ജനപ്രിയ എം.എൽ.എയുടെ വിയോഗവാർത്ത വേദനയോടെയാണ് നാട് ഉൾകൊണ്ടത്.
മലബാറിൽ നിന്നുള്ള ആദ്യ മുസ്‍ലിം വനിത എം.എൽ.എ ആണ് കാനത്തിൽ ജമീല. 2021ൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നാണ് എൽ.ഡി.എഫ് പ്രതിനിധിയായി നിയമസഭയിലെത്തിയത്. രണ്ടു തവണ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തുർ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ശേഷമാണ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.
സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയംഗമായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അർബുദബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതു മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.
