സിദ്ദീഖിനെ പിടികൂടുന്നതിൽ അമാന്തമുണ്ടായെന്ന് സംശയം; പൊലീസിനെതിരെ വീണ്ടും വിമർശനവുമായി സിപിഐ
പൊലീസിനെതിരെ വീണ്ടും സിപിഐ. ബലാത്സംഗ കേസിൽ സിദ്ദീഖിനെ പിടികൂടുന്നതിൽ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ടെന്ന് ജനയുഗം എഡിറ്റോറിയൽ. സിദ്ദീഖിന്‍റെ കാര്യത്തിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതിജീവിതമാർക്ക് നീതി ലഭ്യമാക്കാൻ നിയമനടപടികൾ ശക്തമാക്കണം. അന്വേഷണസംഘം ഉണർന്ന് പ്രവർത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.
'പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതര്‍ക്ക് നീതി ലഭിക്കണം' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പൊലീസിനെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. പീഡന പരാതിയില്‍ കഴിഞ്ഞദിവസം മൂന്ന് പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാഭാരവാഹിയുമായ ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. കോടതികള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. അതേസമയം മറ്റൊരു നടന്‍ സിദ്ദിഖിന് ജാമ്യം നിഷേധിച്ചെങ്കിലും ഇതെഴുതുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടിയുടെ പരാതി. എറണാകുളം നോർത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. എഎംഎംഎയില്‍ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക് വിളിച്ചെന്നും, മെമ്പർഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പീഡനം എന്നിവയാണ് ഇവര്‍ക്കെതിരെ വകുപ്പുകൾ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
ഇത്രയും കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദീഖിന്‍റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദീഖിന്‍റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.
സിദ്ദിഖ് ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയതെങ്കിലും ലൈംഗികാതിക്രമ പരാതിയായതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുപ്രിം കോടതിയിലെത്തിയത്. അതേസമയം ഹർജി പരിഗണിക്കുംമുമ്പ് തങ്ങളുടെ ഭാഗം കേൾക്കണമെന്നഭ്യർത്ഥിച്ചുള്ള തടസ ഹരജി (കേവിയറ്റ്) സംസ്ഥാന സർക്കാരും പരാതിക്കാരിയും ഫയൽ ചെയ്‌തിട്ടുണ്ട്. സിദ്ദീഖിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്.
സിദ്ദീഖിന്‍റെ അഭിഭാഷകന്‍ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പറഞ്ഞ കോടതി, ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീയുടെ അനുഭവം അവരുടെ സ്വഭാവത്തെയല്ല, അവര്‍ നേരിടുന്ന ദുരിതത്തെയാണ് കാട്ടുന്നതെന്നും ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് നിയമത്തിനെതിരാണന്നും ചൂണ്ടിക്കാട്ടി.
പരാതിയുടെ ഗൗരവമാണ് പരാതിക്കാരിയുടെ സ്വഭാവമല്ല പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിലും ഹാർവി വെയ്ൻസ്റ്റൈനെതിരെയുള്ള കേസുകള്‍ വീണ്ടും മാതൃകയാവുകയാണ്.
2017ൽ അലീസ മിലാനോ നടത്തിയ സാധാരണ ട്വീറ്റിലൂടെയാണ് അദ്ദേഹത്തിനെതിരെയുള്ള ലെെംഗിക പീഡനങ്ങളുടെ പരമ്പര പുറത്തായത്. 2013ലെ ഒരു കേസിന് ശിക്ഷയുണ്ടാകുന്നത് 2023ലാണ്. ഇപ്പോള്‍ ഇവടെയും പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാകുകയും അന്വേഷണ സംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.