കേരള ബിജെപി ഘടകത്തെ വിമർശിച്ച് സംവിധായകൻ പ്രവീൺ നാരായണൻ

  1. Home
  2. Trending

കേരള ബിജെപി ഘടകത്തെ വിമർശിച്ച് സംവിധായകൻ പ്രവീൺ നാരായണൻ

  pravin narayanan


ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലെ ഇടപെടൽ ചൂണ്ടിക്കാട്ടി കേരള ബിജെപി ഘടകത്തെ വിമർശിച്ച് സംവിധായകൻ പ്രവീൺ നാരായണൻ. 'ജെഎസ്‌കെ: ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ സംവിധായകനാണ് പ്രവീൺ. ഛത്തീസ്ഗഢിലേക്ക് പാർട്ടി ജനറൽ സെക്രട്ടറിയെ അയക്കാൻ മണിക്കൂറുകൾക്കുള്ളിൽ തീരുമാനം എടുത്ത ബിജെപി എന്തുകൊണ്ടാണ് ജാനകി വി vs സെൻസർ ബോർഡ് വിഷയത്തിൽ നിന്നും മാറി നിന്നത് എന്നും പ്രവീൺ ചോദിക്കുന്നു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രവീണിന്റെ വിമർശനം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് ഭാരതീയ ജനതാ പാർട്ടി ഓഫ് കേരള, കന്യാസ്ത്രീകൾക്ക് നീതി നേടി കൊടുക്കുവാനായിട്ട് ഏതറ്റം വരെയും പോകും...കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ സംസ്ഥാന പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നും കന്യാസ്ത്രീ വിഷയത്തിൽ വന്ന പോസ്റ്റുകളുടെ എണ്ണം അഞ്ചോ അതിലേറെയോ ആണ്…

നല്ലതാണ് സർ, ഈ കഴിഞ്ഞ മാസം ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിഷയത്തിൽ, വിവാദം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചപ്പോൾ അങ്ങിനൊരു വിഷയം ഉണ്ടോ?

ഞാൻ അറിഞ്ഞിട്ടില്ല..!!!

പഠിച്ചിട്ട് പ്രതികരിക്കാം….!!

പിന്നെ പറഞ്ഞു സിനിമയുടെ കാര്യത്തിൽ പാർട്ടി ഇടപെടുന്നത് ശരിയല്ലെന്ന്…!!

പാർട്ടിക്ക് കലാപരമായ കാര്യങ്ങളിൽ ഇടപെടാൻ പറ്റില്ല, പക്ഷേ മതത്തിന്റെ കാര്യത്തിൽ ഇടപെടാം… ഒരൊറ്റ മണിക്കൂർ കൊണ്ട് അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയക്കാനും മാത്രം കേരള ബിജെപിയെ അൾത്താരയിൽ കുമ്പിട്ടിരുത്തുന്നത് എന്താണ് ?

ഈ നാട്ടിൽ നടക്കുന്ന മുള്ളു മുരിക്കു കോടാലി വെക്കുന്ന സകല കാര്യങ്ങളിലും ഇടപെടുന്ന രാജ്യം ഭരിക്കുന്ന പാർട്ടി എന്തുകൊണ്ടാണ് ജാനകി വി vs സെൻസർ ബോർഡ് വിഷയത്തിൽ നിന്നും മാറി നിന്നത് ?

ഈ നാട്ടിൽ ജനിച്ചു പോയി എന്നൊരു തെറ്റ് കൊണ്ട് ജീവിക്കേണ്ടി വരുന്ന ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോവുകയാണ് സർ

എന്നാണ് സർ നിങ്ങളൊക്കെ, ഞങ്ങളെ മനുഷ്യരായി കാണാൻ തുടങ്ങുന്നത്…

ദീപസ്തംഭം മഹാശ്ചര്യം നമുക്കും വേണം പത്ത് വോട്ട്…..

JSK യിൽ അഡ്വ :ഡേവിഡ് ആബേൽ പറയുന്നത് പോലെ….

വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്….