പൊതുമധ്യത്തില്‍ ജഡ്ജിമാര്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ടതില്ല; വിശ്വാസവും ആത്മീയതയും മതത്തില്‍ വ്യത്യസ്തമാണ്; മുന്‍ ജഡ്ജി ഹിമ കോഹ്‌ലി
പൊതുമധ്യത്തില്‍ ജഡ്ജിമാര്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ജഡ്ജി ഹിമ കോഹ്‌ലി. വിശ്വാസവും ആത്മീയതയും മതത്തില്‍ വ്യത്യസ്തമാണ്. ഇവ രണ്ടും തമ്മില്‍ വ്യക്തമായ അതിര്‍ത്തി ആവശ്യമാണ്. മതത്തെ പൊതുമധ്യത്തിലേക്ക് കൊണ്ടുവരരുത്. മതമെന്ന ആശയം നാല് ചുവരുകള്‍ക്കുള്ളില്‍ നില്‍ക്കേണ്ടതാണെന്നും ഹിമ കോഹ്‌ലി പറഞ്ഞു. ബാര്‍ ആന്‍ഡ് ബെഞ്ചിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
ഭരണഘടനയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം വ്യക്തമാക്കുന്നത് പൊതുമധ്യത്തിലുളള എല്ലാം എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അംഗീകരിക്കാനാകണം എന്നാണ്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ നീതി നടപ്പാക്കുന്നതില്‍ സ്വാധീനം ചെലുത്തിയേക്കുമെന്ന തോന്നലും ജനങ്ങള്‍ക്ക് ഉണ്ടാകരുത്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും ചര്‍ച്ച നടത്തുന്ന സ്ഥലങ്ങളുണ്ട്. പൊതു വിഷയങ്ങളില്‍ പൊതു സമൂഹത്തിന് മുന്നില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്നും ഹിമ കോഹ്‌ലി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് രംഗത്തെത്തിയിരുന്നു. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജെയ്‌സിങ് കൂട്ടിച്ചേര്‍ത്തു.