തൃശ്ശൂര്‍ പൂരം അട്ടിമറിച്ചതിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; അന്വേഷണ റിപ്പോര്‍ട്ട് തള്ളി കെ മുരളീധരന്‍
തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ജുഡീഷ്യല്‍ അന്വേഷണം നടക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. മൂന്ന് പ്രധാനപ്പെട്ട കക്ഷികള്‍ ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശിയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിച്ചതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
'അന്വേഷണം പ്രഖ്യാപിക്കുന്ന സമയത്ത് അന്വേഷണ ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടെന്ന വാര്‍ത്ത പുറത്തുവന്നിട്ടില്ല. പിന്നാലെയാണ് തൃശ്ശൂര്‍ പൂരം അട്ടിമറി എഡിജിപി അന്വേഷിക്കേണ്ടതില്ലെന്നും മറിച്ച് ജുഡീഷ്യല്‍ അന്വേഷണം ഞങ്ങള്‍ ആവശ്യപ്പെട്ടതും. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് എന്താണെങ്കിലും അതിന് വിശ്വാസ്യതയില്ല. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. മൂന്ന് പ്രധാനപ്പെട്ട കക്ഷികള്‍ ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി. പൂരം കലങ്ങിയ വിവാദത്തിന് ശേഷമാണ് രാഷ്ട്രീയ ചിത്രം മാറിയത്. പൂരം അട്ടിമറിയില്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ബിജെപിക്ക് കേരളത്തില്‍ നിന്നും എം പി വേണമന്ന നിര്‍ബന്ധം കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജനോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്തായിരുന്നെങ്കില്‍ പൈാങ്കാല കലക്കിയേനെ. പക്ഷെ തിരഞ്ഞെടുപ്പിന് മുന്‍പ് പൊങ്കാല കഴിഞ്ഞുപോയി. തൃശ്ശൂരില്‍ ബിജപി വിജയിച്ചതോടെ കരിവന്നൂരും എസ്എന്‍സി ലാവ്‌ലിന്‍ കേസും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങളും ചിത്രത്തില്‍ ഇല്ല', കെ മുരളീധരന്‍ പറഞ്ഞു.
ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്ന് തന്നെ ആവര്‍ത്തിക്കുകയാണ് എന്നാണ് സുനില്‍ കുമാറിന്റെ പ്രതികരണം. പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണം നടത്തി ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്ന് സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.