കാസ്റ്റിങ് കൌച്ച് തുറന്നുപറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ; 'അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ പറഞ്ഞു'
സിനിമാ മേഖലയിൽ നേരിട്ട കാസ്റ്റിങ് കൌച്ച് തുറന്നുപറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു ഫോണിലൂടെ പറഞ്ഞു. പ്രശസ്തരാായ കുറെ നായികമാര്‍ ഈ വഴി വന്നവരാണെന്നും. കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും ഇയാൾ ഫോണിലൂടെ തന്നോട് പറഞ്ഞതായും സന്ധ്യ വെളിപ്പെടുത്തി. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുള്ളുവെന്ന് വിച്ചു പറഞ്ഞു.
താൻ ഒരു സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങായിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. എന്നാൽ സിനിമാമേഖലയിലെ ആളുകളെ വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് നിങ്ങൾ അവൈലബിളാണോ എന്നാണ്. നിങ്ങൾ മാരീഡാണോ, നിങ്ങൾ ബോൾഡ് സീൻ ചെയ്യാൻ തയ്യാറാണോ, എക്സ്പോസ് ചെയ്യുമോ, നിങ്ങൾ കോംപ്രമൈസിന് തയ്യാറാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്നാൽ നോ പറഞ്ഞാൽ അതോടെ അവസരം നഷ്ടമാവും. പിന്നെ അവർ വിളിച്ചാൽ എടുക്കുകയും ചെയ്യില്ല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്, മാനേജർമാർ ഇവരോടൊക്കെയാണ് താൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതെന്നും സന്ധ്യ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കാസ്റ്റിംഗ് ഡയറക്ടറായ വിച്ചുവിനോട് സംസാരിച്ചിരുന്നു. ആദ്യം സംസാരത്തിനിടയിൽ നിങ്ങളുടെ താൽപ്പര്യമെന്താണെന്ന് ചോദിക്കും. അഭിപ്രായം പറഞ്ഞാൽ അപ്പോൾ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ നിങ്ങൾ വീട്ടിലിരിക്കും എന്നാണ് പറയുക. ഇതൊരു സാധാരണമായ പ്രശ്നമാണിത്. ഈ മേഖലയിലുള്ള നിരവധി സുഹൃത്തുക്കളുണ്ട്. അവർക്കൊക്കെയും ഇത്തരത്തിലുള്ള അനുഭവങ്ങളാണുള്ളത്. എനിക്ക് മാത്രമല്ല, പലർക്കും ഇതേ അനുഭവങ്ങളാണുള്ളത്.