ജൂനിയർ ഡോക്ടറുടെ കൊലപാതകം: കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് കോടതിയിൽ സിബിഐ; സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂ
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ അന്വേഷണ സംഘം കോടതിയിൽ.കൊൽക്കത്തയിലെ വിചാരണ കോടതിയിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. നിലവിൽ അറസ്റ്റിലായ ആശുപത്രി സിവിൽ വളണ്ടിയർ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ റിപ്പോർട്ടിലും കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളിയതായി സൂചനയുണ്ടായിരുന്നു.
അതിനിടെ സഞ്ജീവ് റോയി കൊലപാതകം നടന്ന ദിവസം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ സഞ്ജീവ് റോയ് ഒറ്റയ്ക്കാണ്. സിബിഐയും കൊൽക്കത്ത പൊലീസും ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലാണ് ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലായിരുന്നു കുടുംബവും സഹപ്രവർത്തകരുമടക്കം. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നും ചിലരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്നും ആരോപണമുയർന്നു. ആശുപത്രിയിലെ ചില ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണവും ശക്തമായിരുന്നു. എന്നാൽ കൊൽക്കത്ത പൊലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി ആരോഗ്യപ്രവർത്തകരടക്കം തെരുവിലിറങ്ങി.