കെ കെ കൊച്ചിന് ഇനി വിശ്രമം ; പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

  1. Home
  2. Trending

കെ കെ കൊച്ചിന് ഇനി വിശ്രമം ; പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

kk kochu


 


സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ചിന് വിട നല്‍കി കേരളം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കടുത്തുരുത്തിയിലെ വീട്ടു വളപ്പിലായിരുന്നു സംസ്‌കാരം. കഴിഞ്ഞ ദിവസമാണ് മർദ്ദിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടിയ കെ കെ കൊച്ച് അന്തരിച്ചത്.

കാന്‍സര്‍ രോഗബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് ചിന്തകനാണ് കെ കെ കൊച്ച്. എഴുത്തില്‍ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2021ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.