ചേലക്കരയിലെ തിരിച്ചടി ഗൗരവത്തില്‍ കാണും; പാലക്കാട്ട് തിളക്കമാര്‍ന്ന വിജയമാണ്: കെ. മുരളീധരൻ
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും യു.ഡി.എഫിന് ലീഡ് ചെയ്യാന്‍ കഴിയാതിരുന്ന മുനിസിപ്പാലിറ്റി ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയെന്ന് കെ. മുരളീധരന്‍. എല്‍.ഡി.എഫ് അവസാന ദിവസങ്ങളില്‍ ഇറക്കിയ പരസ്യം ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരെ തന്നെ ശത്രുക്കളാക്കിയെന്നും മുരളി. അതാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരും സി.പി.എമ്മിന് ഒരടി നല്‍കണമെന്ന ആഗ്രഹത്തില്‍ തന്നെ ചെയ്തതാണ്. പാലക്കാട്ട് നല്ല തിളക്കമാര്‍ന്ന വിജയമാണ്. പക്ഷേ ചേലക്കരയിലുണ്ടായ തിരിച്ചടി പാര്‍ട്ടി ഗൗരവത്തില്‍ തന്നെ കാണും. പാലക്കാട്ട് നടന്നതിനേക്കാൾ സിസ്റ്റ്മാറ്റിക് വര്‍ക്ക് കാണാന്‍ കഴിഞ്ഞത് ചേലക്കരയിലാണെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
"പാലക്കാട് വര്‍ക്ക് മോശമെന്നല്ല പറഞ്ഞത്. ഇതുവരെ ചേലക്കരയില്‍ കാണാത്തൊരു മുന്നേറ്റം യു.ഡി.എഫ്. നടത്തി. പക്ഷേ കഴിഞ്ഞ ലോക്‌സഭയില്‍ കിട്ടിയ നേട്ടം പോലും അവിടെയുണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ ഞങ്ങളെ നല്ലരീതിയില്‍ സ്വീകരിച്ചതിനൊപ്പം ഒരു വാണിങ്ങും ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്നൊരു സൂചന കൂടി ചേലക്കര ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പക്ഷേ, ചേലക്കരയിലെ പരാജയം ഞങ്ങളെ ക്ഷീണിപ്പിക്കുന്നില്ല. ജനവിധിയെ ഞങ്ങള്‍ വിനയപൂര്‍വ്വം സ്വീകരിക്കുന്നു. നല്ല കരുത്തോടെ യു.ഡി.എഫ്. ഭാവിയില്‍ മുന്നോട്ട് പോകും.", കെ.മുരളീധരന്‍ പ്രതികരിച്ചു.
പ്രിയങ്ക ഗാന്ധിക്ക് ഉദ്ദേശിച്ച ഭൂരിപക്ഷം നല്‍കാന്‍ സാധിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും സന്ദീപ് വാര്യര്‍ വന്നതുകൊണ്ട് പാര്‍ട്ടിക്ക് വോട്ടൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.