യൂത്ത്കോൺഗ്രസുകാർ ഖദർ ധരിക്കുന്നില്ലെന്ന അജയ് തറയിലിനോട് വസ്ത്രം ഏതായാലും മനസ് നന്നായാൽ മതിയെന്ന് കെ.എസ് ശബരീനാഥൻ

യൂത്ത് കോൺഗ്രസ്‌കാർ ഖദർ ധരിക്കുന്നത് കുറവാണെന്ന് പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിനോട് വസ്ത്രം ഏതായാലും മനസ് നന്നായാൽ മതിയെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്നും എന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നതെന്നുമായിരുന്നു അജയ് തറയിലിന്റെ വിമർശനം. ഇതിന് മറുപടിയുമായാണ് ശബരീനാഥൻ രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസുകാർ ഖദർ ധരിക്കുന്നത് കുറവാണെന്ന് അജയ് തറയിൽ പറഞ്ഞത് സത്യമാണ് എന്നാൽ അതിനൊരു കാരണമുണ്ട്. ഞാൻ വസ്ത്രധാരണത്തിൽ അത്ര കാർക്കശ്യം പാലിക്കുന്ന ഒരാൾ അല്ല. ഖദറും വഴങ്ങും കളറും വഴങ്ങും. എന്നാൽ നേര് പറഞ്ഞാൽ തൂവെള്ളഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല. ഒന്ന്, ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളർ ഷർട്ട് എന്നാലോ എളുപ്പമാണ്. രണ്ട്, ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്. അതിനാൽ വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി, അല്ലെ? എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിലാണ് അജയ് തറയിൽ ഖദർ ധരിക്കണമെന്ന് ആവശ്യപ്പെട്ടത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം ഖദർ വസ്ത്രവും മതേതരത്വവുമാണ്. കോൺഗ്രസിന്റെ അസ്ഥിത്വം. ഖദർ ഒരു വലിയ സന്ദേശമാണ്, ആദർശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കുന്നത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നതെന്നായിരുന്നു അജയ് തറയിൽ കുറിച്ചത്.