കാര്‍ഷിക രംഗം അപകടരമായ നിലയില്‍,നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ സുധാകരന്‍

  1. Home
  2. Trending

കാര്‍ഷിക രംഗം അപകടരമായ നിലയില്‍,നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ സുധാകരന്‍

k sudakaran



ഇടതുഭരണത്തില്‍ കര്‍ഷകരുടെ ജീവിതം പൊലിഞ്ഞ് പോകുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കാര്‍ഷിക രംഗം അപകടരമായ നിലയിലാണ്. കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാക്കി സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള സമരമുഖത്ത് കര്‍ഷകരെയും തൊഴിലാളികളെയും യുവജനങ്ങളെയും അണിനിരത്തിയുള്ള പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വകാര്യ ബാങ്കുകളില്‍ നിന്നു പോലും ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത കര്‍ഷകന് അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ നിരാശബാധിച്ച് ആത്മഹത്യ ചെയ്യുകയാണ്.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ രണ്ടു കര്‍ഷകരാണ് കോഴിക്കോടും പാലക്കാടുമായി ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണവുമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അവഗണ അവസാനിപ്പിക്കണം. കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കണം.

സമസ്ത രംഗത്തും പരാജയപ്പെട്ട സര്‍ക്കാരാണിത്. ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. പൊലീസും ഗുണ്ടകളും തേര്‍വാഴ്ച നടത്തുകയാണ്. ലഹരിമാഫിയ കേരളത്തില്‍ പിടിമുറുക്കി. അതിന് കാരണം പോലീസ് സേനയിലെ ചിലരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടും അന്തര്‍ധാരയുമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.