‘ലോകത്തെ പ്രകമ്പനം കൊള്ളിച്ച പ്രവാചക ശബ്ദമാണ് ഗുരുദേവന്റേത്; അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വത്വബോധം നൽകിയ ഗുരു’: കെ.സുധാകരൻ
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വത്വബോധം നൽകിയ ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിവഗിരി തീര്‍ഥാടന യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വര്‍ഷം മുൻപു കേരളത്തെയോ രാജ്യത്തെയോ മാത്രമല്ല, ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്. ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ നാം കേട്ടിട്ടില്ല. അപൂര്‍വങ്ങളിൽ അപൂര്‍വമായി സംഭവിക്കുന്ന അദ്ഭുതമായി മാത്രമേ ഗുരുദേവനെ കാണാന്‍ കഴിയൂ.
‘‘എട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ഏതാണ്ടൊരു ഭ്രാന്താലയം പോലെ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും കൊടിയ ചൂഷണവും പട്ടിണിയുമൊക്കെയായി അവര്‍ണര്‍ ജീവിച്ച കാലത്താണ് 1856ല്‍ അദ്ദേഹം ജനിച്ചത്. അവര്‍ണരെന്നും സവര്‍ണരെന്നും ജനങ്ങളെ വേര്‍തിരിച്ചു നടുക്ക് മതില്‍ കെട്ടിയ കാലം. അവര്‍ണര്‍ക്കു സ്വതബോധം നൽകിയാല്‍ മാത്രമേ അവരെ ഉണര്‍ത്താന്‍ കഴിയൂ എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. 1888 മാര്‍ച്ച് മാസത്തില്‍ ശിവരാത്രി നാളില്‍ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് അടിച്ചമര്‍ത്തിയവര്‍ക്ക് ഉയര്‍ത്തെഴുന്നേൽക്കാനുള്ള ആദ്യത്തെ കാഹളമായിരുന്നു. നെയ്യാറിലെ ശങ്കരന്‍കുഴിയില്‍നിന്നു മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് സ്വത്വബോധം നൽകാന്‍ അദ്ദേഹം നടത്തിയ വിപ്ലവകരമായ നടപടിയായിരുന്നു അത്.
ബ്രാഹ്‌മണനല്ലാത്ത ഒരാള്‍ക്ക് ദൈവപ്രതിഷ്ഠ നടത്താമെന്ന് അദ്ദേഹം തെളിയിച്ചു. സവര്‍ണ മേധാവിത്വത്തിനോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരു നടത്തിയത്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിപ്ലവകരമായ നടപടി. ഇതും അധഃസ്ഥിതരുടെ മാത്രമല്ല, എല്ലാ മതങ്ങളിലും ജാതികളിലുമുള്ള അവശരുടെയും ബലഹീനരുടെയും സ്വത്വബോധത്തെ തട്ടിയുണര്‍ത്തി. ജന്മം കൊണ്ടു ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല.
ജാതിലക്ഷണം, ജാതിനിര്‍ണയം എന്നീ കൃതികളില്‍ അദ്ദേഹം തന്റെ ജാതി സങ്കല്‍പം വ്യക്തമാക്കി. എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി യുവജനങ്ങളെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് ഗുരുവിനു ശക്തവും വ്യക്തവുമായ കാഴ്ചപ്പാട് തന്നെയുണ്ടായിരുന്നു. ശിവഗിരി തീര്‍ഥയാത്രയുടെ ഉദ്ദേശ്യങ്ങളായി എട്ടുകാര്യങ്ങളില്‍ ആദ്യത്തേതു തന്നെ വിദ്യാഭ്യാസമായിരുന്നു. സാക്ഷരതയില്‍ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസത്തിലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും കേരളം മറ്റനേകം സംസ്ഥാനങ്ങള്‍ക്കു ഇന്നും മാതൃകയാണ്.
ഈ മുന്നേറ്റത്തിനു പുരോഗമനവീക്ഷണം പുലര്‍ത്തിയ തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാരും ക്രൈസ്തവമിഷനറിമാരും വഹിച്ച പങ്കിനൊപ്പം ഗുരുവിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുന്നു. അന്ധകാരത്തിലും അടിമത്വത്തിലും കഴിയുന്നവരെ സ്വതന്ത്രരാക്കണമെങ്കില്‍ അവര്‍ക്ക് അറിവു പകരുകയാണു വേണ്ടത്. അദ്ദേഹം അവരോടു പറഞ്ഞു: ‘വിദ്യകൊണ്ട് സ്വതന്ത്രരാവുക’ എന്ന്. ഒപ്പം ‘സംഘടന കൊണ്ടു ശക്തരാവുക’ എന്നും. ഈഴവ സ്ത്രീപുരുഷന്മാരില്‍ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവര്‍ മേലാല്‍ ഉണ്ടായിരിക്കരുതെന്നും ആവശ്യമുള്ള സ്ഥലങ്ങളില്‍ സമുദായം വകയായോ മറ്റോ പള്ളിക്കൂടങ്ങള്‍, വായനശാലകള്‍ മുതലായവ ഏര്‍പ്പെടുത്തുകയും മറ്റും ചെയ്യുന്നതില്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഗുരു നിഷ്‌കര്‍ഷിച്ചു.
‘‘മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന ആഹ്വാനവും യുവജനങ്ങളെ ഉദ്ദേശിച്ചാണ്. കറുപ്പ്, കഞ്ചാവ്, പുകയില തുടങ്ങിയവയെല്ലാം മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്നവയാകയാല്‍ ഇവയെല്ലാം ബുദ്ധി - മനോവ്യാപാരങ്ങളെ തകര്‍ക്കുന്നവയാണ്. മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗന്ധമുള്ളവനായിരിക്കും. അതിനാല്‍ അവന്റെ വസ്ത്രവും ഭവനവും ദുര്‍ഗന്ധമുള്ളതായിരിക്കും. അവന്‍ തൊടുന്നതെല്ലാം നാറും. മദ്യപാനിയെ അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളും ഈശ്വരന്‍ പോലും വെറുക്കുന്നു. അതിനാല്‍ ആരും മദ്യപിക്കരുതെന്നും ഗുരുദേവന്‍ കൽപിച്ചു.
92-ാം ശിവഗിരി തീര്‍ഥാടനം നടക്കുമ്പോള്‍ നാം എവിടെയെത്തിയെന്നു തിരിഞ്ഞു നോക്കാനും ഈ അവസരം ഉപയോഗിക്കണം. ജാതിയും മതവും അതിന്റെ വേലിക്കെട്ടുകളുമൊക്കെ ഇപ്പോഴും നിലനിൽക്കുകയല്ലേ? അവ നമ്മെ വരിഞ്ഞു മുറുക്കുകയല്ലേ? ഗുരുദേവന്റെ ആദര്‍ശങ്ങളെ മാത്രമല്ല, ഗുരുദേവനെ തന്നെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ? ഒരുജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്‌ഘോഷിച്ച വിശ്വപൗരനായ ശ്രീനാരായണ ഗുരുദേവനെ സനാതന ധര്‍മത്തിന്റെ പേരു പറഞ്ഞു ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേ? ഗുരുദേവനെ അങ്ങനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്നു നമുക്ക് ഉറപ്പിച്ചു പറയാം’’ – കെ.സുധാകരൻ പറഞ്ഞു.