ഇത് നരേന്ദ്രമോദി സർക്കാരിലുള്ള വിശ്വാസം; ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് സുരേന്ദ്രൻ

  1. Home
  2. Trending

ഇത് നരേന്ദ്രമോദി സർക്കാരിലുള്ള വിശ്വാസം; ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് സുരേന്ദ്രൻ

k surendran


റബർ വില വർധിപ്പിച്ചാൽ ബിജെപിയെ സഹായിക്കാമെന്ന തലശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മാറ്റത്തിന്റെ സൂചയാണിത്. കോൺഗ്രസ്- സിപിഎം മുന്നണികൾ കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ സ്വന്തമാക്കിയ ശേഷം അവരെ വഞ്ചിച്ചു. നരേന്ദ്രമോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. 

ഘട്ടംഘട്ടമായി മോദി സർക്കാർ റബറിന്റെ വില വർധിപ്പിക്കുന്നുണ്ട്. എന്നാൽ റബർ കർഷകർക്കു വേണ്ടി യുപിഎ സർക്കാർ ഒന്നും ചെയ്തിട്ടില്ല. കർഷകർക്ക് ഗുണകരമാകുന്ന നിലപാട് കേന്ദ്ര സർക്കാർ ശക്തിപ്പെടുത്തും. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള അത്താണി മോദി സർക്കാർ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സർക്കാർ കേരളത്തിലും വന്നാൽ മാത്രമേ കേന്ദ്ര സർക്കാരിന്റെ വികസനം പൂർണമായും മലയാളികൾക്ക് ലഭ്യമാവുകയുള്ളൂ. ഇവിടെയും എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കർഷകർക്ക് പിന്തുണ നൽകുന്നതിന് പകരം ഗോവിന്ദൻ അസഹിഷ്ണുത കാണിക്കുകയാണ്. ഇത് മനസിലാക്കിയ ഇടതുപക്ഷവും കോൺഗ്രസും തെറ്റായ പ്രചരണം നടത്തുകയാണ്. ഈ പ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞതു നല്ല കാര്യമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ വിശ്വാസി സമൂഹം സന്തുഷ്ടരാണെന്നും വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.