'അമ്മ മരിച്ചിട്ടില്ല, ജീവനോടെ ഉണ്ടെന്നും തിരിച്ച് കൊണ്ട് വരുമെന്നാണ് വിശ്വാസം'; കലയുടെ മകൻ

  1. Home
  2. Trending

'അമ്മ മരിച്ചിട്ടില്ല, ജീവനോടെ ഉണ്ടെന്നും തിരിച്ച് കൊണ്ട് വരുമെന്നാണ് വിശ്വാസം'; കലയുടെ മകൻ

KALA


അമ്മ മരിച്ചിട്ടില്ലെന്ന് മാന്നാറിൽ കാണാതായ കലയുടെ മകൻ പറഞ്ഞു. ജീവനോടെ ഉണ്ടെന്നും അമ്മയെ തിരിച്ച് കൊണ്ട് വരുമെന്നാണ് വിശ്വാസമെന്നും കുട്ടി വ്യക്തമാക്കി. ടെൻഷൻ അടിക്കണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും അവർ തെറ്റായ വഴിക്കാണ് അന്വേഷണം നടത്തുന്നതെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ- ചന്ദ്രിക ദമ്പതി​കളുടെ മകൾ കലയെ 15 വർഷം മുൻപാണ് മാന്നാറിൽ നിന്ന് കാണാതാകുന്നത്. അന്ന് മകന് ഒരു വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്. കലയെ കാണാതായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. കലയെ കണ്ടെത്താനെന്ന പേരിൽ പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്നാണ് അനിൽ പ്രചരിപ്പിച്ചത്. പിന്നീട് അനിൽ രണ്ടാമത് വിവാഹം കഴിച്ചു. അവരുടെ ഒപ്പമാണ് ഇപ്പോൾ കലയുടെ മകൻ താമസിക്കുന്നത്.

സംഭവത്തിൽ അ‌ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനിലിന്റെ സഹോദരീഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലയുടെ സൂത്രധാരൻ അനിലാണെന്ന് ജി​ല്ലാ പൊലീസ് മേധാവി​ ചൈത്രാ തെരേസ ജോൺ പറഞ്ഞിരുന്നു. അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. 2009ലാണ് കൊല നടന്നത്. ടൂർ പോകാനെന്ന വ്യാജേന കലയെ കാറിൽ കയറ്റിക്കൊണ്ടുപോയി കുട്ടനാട് ഭാഗത്ത് എത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് കലയെ കാണാനില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.