കളമശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക് മാർട്ടിനെ എത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും

കളമശേരി സ്ഫോടനക്കേസിൽ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയേക്കും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് തെളിവെടുക്കാനുളളത്. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ച് വരികയാണ്. വിവിധയിടങ്ങളിലെ തെളിവെടുപ്പിൽ പ്രതി തന്നെ പോലീസിനെ തെളിവുകൾ കണ്ടെത്താൻ സഹായിച്ചിരുന്നു.
പ്രതി ഡൊമനിക്കുമായുള്ള സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്. യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിൽ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നൽകിയിരുന്നു.
ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.