കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്‍റുമായ എസ്. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.
ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ല എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് അറിയിച്ചത്. നേരത്തെ തന്നെ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തികൊണ്ട് നടപടി സ്വീകരിച്ചിരുന്നുവെന്നും ഇന്ന് കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.