കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണം: കങ്കണ

  1. Home
  2. Trending

കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണം: കങ്കണ

kangana-raaut


കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ പറഞ്ഞു.

പാർട്ടിയുടെ അഭിപ്രായം പറയാൻ കങ്കണയ്ക്ക് ആരും അധികാരം നൽകിയിട്ടില്ല. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുടെ കാഴ്ചപ്പാടല്ല കങ്കണ പറഞ്ഞതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.  'സമൂഹ മാധ്യമങ്ങളിൽ കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളെ കുറിച്ചുള്ള ബിജെപി എംപി കങ്കണ റണൗട്ടിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്.

ഇത് കങ്കണയുടെ വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിജെപിയ്ക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താൻ കങ്കണയ്ക്ക് അധികാരമില്ല. കാർഷിക നിയമങ്ങളെ കുറിച്ച് ബിജെപിയുടെ കാഴ്ചപ്പാട് ഇതല്ല. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു'. ​ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.

സെപ്റ്റംബർ 24ന് കാർഷിക നിയമങ്ങളെ കുറിച്ച് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കങ്കണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ദീർഘകാലം നീണ്ടുനിന്ന കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണയുടെ പ്രസ്താവന.

പറയാൻ പോകുന്ന കാര്യങ്ങൾ വിവാദമാകുമെന്ന് തനിയ്ക്ക് അറിയാമെങ്കിലും കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. കർഷകർ തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞിരുന്നു.