കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

  1. Home
  2. Trending

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

kangana-raaut


നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. കോൺഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിർ, സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം.

ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. സ്ത്രീകളോടുള്ള ബഹുമാനവും ആദരവും ഉയർത്തിപ്പിടിക്കാമെന്നും കമ്മിഷൻ എക്സിൽ കുറിച്ചു.

ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാർഥി പട്ടികയിൽ കങ്കണയും ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, പോസ്റ്റ് വിവാദമായതോടെ പിന്നീട് ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.

എല്ലാ സ്ത്രീകളും സമൂഹത്തിൽ അന്തസ്സ് അർഹിക്കുന്നുണ്ടെന്ന് സുപ്രിയയ്ക്ക് മറുപടിയായി കങ്കണ എക്സിൽ കുറിച്ചു. കഴിഞ്ഞ 20 വർഷമായി ഒരു കലാകാരിയെന്ന നിലയിൽ ഞാൻ പ്രവർത്തിച്ചുവരികയാണ്. എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാൻ അഭിനയിച്ചിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെൺകുട്ടിമുതൽ ധഡകിലെ വശീകരിക്കുന്ന ചാരവൃത്തിനടത്തുന്ന സ്ത്രീവരെ, മണികർണികയിലെ ആരാധനകഥാപാത്രം മുതൽ ചന്ദ്ര മുഖിയിലെ നെഗറ്റീവ് കഥാപാത്രം വരെ, റജ്ജോയിലെ വേശ്യ മുതൽ തലൈവിയിലെ വിപ്ലവാത്മക നേതാവ് വരെയുള്ള കഥാപാത്രങ്ങളെ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു- കങ്കണ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

അതേസമയം, തന്റെ അറിവോടെ അല്ല പോസ്റ്റ് ചെയ്തതെന്നും അക്കൗണ്ട് അക്സസ് ഉള്ളവരാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചതെന്നും സുപ്രിയ വിശദീകരണം നൽകിയിരുന്നു. സ്ത്രീകൾക്കെതിരെ അത്തരത്തിൽ ഒരു പരാമർശം നടത്തില്ലെന്ന് തന്നെ അറിയാവുന്നവർക്ക് മനസിലാകുമെന്നും സുപ്രിയ പറഞ്ഞിരുന്നു.

​ഗുജറാത്തിലെ കോൺ​ഗ്രസ് നേതാവായ എച്.എസ് ആഹിർ എക്സിൽ പങ്കുവച്ച പോസ്റ്റ്നെതിരെയും നടി കങ്കണ രൂക്ഷമായി പ്രതികരിച്ചു. ഒരു യുവാവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ആക്രമിക്കപ്പെടും. എന്നാൽ, ടിക്കറ്റ് ലഭിച്ചിരിക്കുന്നത് ഒരു യുവതിക്കാണെങ്കിൽ മറ്റൊരു തരത്തിലായിരിക്കും ആക്രമണമെന്നും അവർ ആരോപിച്ചു. തന്റെ അറിവോടെ അല്ല പോസ്റ്റെന്നാണ് വിഷയത്തിൽ ആഹിർ നൽകുന്ന വിശദീകരണം.