നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്; തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പമ്പ് ഉടമ

  1. Home
  2. Trending

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്; തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പമ്പ് ഉടമ

naveen and prashanthan


എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍. ഇക്കാര്യമാവശ്യപ്പെട്ട് പ്രശാന്തന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് പ്രശാന്തന്‍ പറഞ്ഞു.

ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്. തന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം എന്നും പ്രശാന്തന്‍ കൂട്ടിച്ചേര്‍ത്തു. എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് പണം കൈമാറിയതെന്നുമായിരുന്നു ടി.വി.പ്രശാന്തിന്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതിയും നല്‍കിയിരുന്നു.

പമ്പിന് എന്‍.ഒ.സി നല്‍കാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി. നവീന്റെ യാത്രയയപ്പ് യോഗത്തില്‍ ഈ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.