ഗോവിന്ദചാമിയെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ സഹായിച്ചെന്ന് കണ്ണൂർ സിറ്റി കമ്മീഷണർ

  1. Home
  2. Trending

ഗോവിന്ദചാമിയെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ സഹായിച്ചെന്ന് കണ്ണൂർ സിറ്റി കമ്മീഷണർ

commissioner      


ഗോവിന്ദചാമിയുടെ ജയിൽചാട്ടം അറിഞ്ഞത് ആറരയ്ക്ക് ശേഷമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്. വിവരം ഉടൻ പോലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചിൽ. ജയിൽ ചാടിയതിൽ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും കമ്മീഷണർ അറിയിച്ചു. ഇന്ന് പുലർച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായി. കൃത്യമായ തെരച്ചിൽ വിജയം കണ്ടു. മൂന്നര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനത്തിൻ്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കിണറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ജയിൽ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചയുടൻ തങ്ങൾക്ക് വിവരം കൈമാറിയെന്നും കമ്മീഷണർ വിശദീകരിച്ചു.

പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും കമ്മീഷണർ പറഞ്ഞു. പ്രതിയെ പിടികൂടിയ സമയത്ത് തന്നെ ഉപയോഗിച്ച ആയുധങ്ങൾ ലഭിച്ചു. വിഷയത്തിൽ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നൽകിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയർത്തിയ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദിയെന്നും കമ്മീഷണർ പ്രതികരിച്ചു. ഗോവിന്ദചാമിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.