നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കളക്ടർ; ഖേദം രേഖപ്പെടുത്തി കത്ത് നൽകി
എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തി കത്ത് നൽകി. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായാണ് ഉള്ളടക്കം. എന്താണ് സംസാരിച്ചതെന്നതിൽ വ്യക്തതയില്ല.
കളക്ടർക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയിൽ എഡിഎമ്മിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടർ ഓഫീസിൽ വന്നാലും ബഹിഷ്‌കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
അതിനിടെ ഗുരുതര ആരോപണം നേരിടുന്ന കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ തത്കാലം കണ്ണൂരിൽ തുടരാൻ ആവശ്യപ്പെട്ട് അപേക്ഷ മടക്കി.