കർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

  1. Home
  2. Trending

കർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

PRAVEEN


കർണാടക ഡി.ജി.പി പ്രവീൺ സൂദ് സി.ബി.ഐ മേധാവിയായി ചുമതലയേൽക്കും. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീർ സക്സേന, താജ് ഹസൻ എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സമിതി പ്രവീൺ സൂദിനെ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.

അവസാനനിമിഷമാണ് പ്രവീൺ സൂദിന്റെ പേര് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. നിലവിലെ സി.ബി.ഐ. ഡയറക്ടർ സുബോധ്കുമാർ ജയ്സ്വാളിന്റെ കാലാവധി കഴിയുന്നതോടെ പ്രവീൺ സൂദ് ചുമതലയേൽക്കും.

അതേസമയം പ്രവീൺ സൂദിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ അഴിമതിയ്ക്ക് പ്രവീൺ സൂദ് കൂട്ടുനിൽക്കുന്നുവെന്നും സർക്കാരിനെ വഴിവിട്ടു സഹായിക്കുന്നുവെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ചിരുന്നു. പ്രവീൺ സൂദിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്ന് ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ പ്രതിഷേധം. കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയമുറപ്പാക്കിയതിനു പിന്നാലെയാണ് പ്രവീൺ സൂദിനെ സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.