‘മോദിയുടെ നെഗറ്റീവ് പ്രചാരണം ഫലം കണ്ടില്ല; കര്‍ണാടകയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നു കോൺഗ്രസ്

  1. Home
  2. Trending

‘മോദിയുടെ നെഗറ്റീവ് പ്രചാരണം ഫലം കണ്ടില്ല; കര്‍ണാടകയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നു കോൺഗ്രസ്

congress bjp


കര്‍ണാടകയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നു കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽത്തന്നെ ലീഡ് നേടിയതോടെയാണു കോൺഗ്രസിന്റെ പ്രതികരണം. ‘‘വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും. അതേപ്പറ്റി സംശയം വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരവും നെഗറ്റീവുമായ പ്രചാരണം ഫലം കണ്ടില്ല’’– കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

സംസ്ഥാനത്ത് 5 മേഖലയില്‍ ലീഡ് നിലനിര്‍ത്തിയാണ് കോൺഗ്രസിന്റെ മുന്നേറ്റം. രാവിലെ 9 മണിയോടെയുള്ള ലീഡ് നില അനുസരിച്ച് കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെത്തി. ബെംഗളൂരു അര്‍ബന്‍ മേഖലയില്‍ 19 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. മധ്യകര്‍ണാടക, ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളിലും പാർട്ടി ലീഡ് ചെയ്യുകയാണ്.  ബിജെപിക്കു പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ല.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്ത്. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി. 

'ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍. ഇനിയും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ബിജെപി ഭരണകാലത്തെ അഴിമതിയും ദുര്‍ഭരണവും തിരുത്തി മുന്നേറുമെന്ന് ഉറപ്പാണ്. സംസ്ഥാന താല്‍പര്യത്തിന് അദ്ദേഹം മുഖ്യമന്ത്രിയാകുന്നതാണ് നല്ലത്.'- യതീന്ദ്ര പറഞ്ഞു. വരുണ മണ്ഡലത്തില്‍ പിതാവ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും യതീന്ദ്ര പറഞ്ഞു.