അഴിമതിക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

  1. Home
  2. Trending

അഴിമതിക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

sidharamaiah


അഴിമതി നിരോധന നിയമപ്രകാരം കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ അനുമതി നൽകി ഗവർണർ തവർചന്ദ് ഗെഹ്ലോത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണിത്. അതിനിടെ ഗവർണർ തവർചന്ദ് ഗെഹ്ലോതിന്റെ ഉത്തരവ്ചോദ്യംചെയ്ത് സിദ്ധരാമയ്യയുടെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ ശനിയാഴ്ചതന്നെ സമീപിക്കും. വിചാരണചെയ്യാൻ ഗവർണർ തിടുക്കപ്പെട്ടാണ് അനുമതി നൽകിയെന്ന് ആരോപിച്ചാവും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം.

സംഭവത്തിൽ കർണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് ഗവർണർ വിചാരണയ്ക്ക് അനുമതി നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണർ അധികാരം ദുർവിനിയോഗം ചെയ്തുവെന്നും സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ഗവർണറുടെ നീക്കമെന്ന് മന്ത്രി എം.ബി പാട്ടീലും കുറ്റപ്പെടുത്തി. എം.ഡി.യു.എയ്ക്കാണ് പിഴവ് സംഭവിച്ചതെന്നും മുഖ്യമന്ത്രിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും പാട്ടീൽ പറഞ്ഞു. ക്രമക്കേട് നടന്നത് ബിജെപി സർക്കാരിന്റെ കാലത്താണ്. കേന്ദ്രത്തിന്റെ താത്പര്യപ്രകാരമാണ് ഗവർണർ പ്രവർത്തിക്കുന്നത്. എച്ച്.ഡി കുമാരസ്വാമിയെ രക്ഷിക്കാൻ ഗവർണർ നടത്തുന്ന നീക്കം കോടതിയിൽ ചോദ്യംചെയ്യും.